X

ഇന്ത്യന്‍ ബോളര്‍മാരെ കണക്കിന് പ്രഹരിച്ച് ഓസീസ് ; കൂറ്റന്‍ വിജയലക്ഷ്യം

സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ സ്‌കോര്‍. നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 389 റണ്‍സെടുത്തു. പരമ്പരയിലെ രണ്ടാം സെഞ്ച്വറി തികച്ച സ്റ്റീവ് സ്മിത്താണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്.

ഇന്ത്യന്‍ നിരയില്‍ ബോള്‍ ചെയ്ത ഏഴു പേരും ഓവറില്‍ ശരാശരി ആറു റണ്‍സിനു മുകളില്‍ വഴങ്ങി. ജസ്പ്രീത് ബുമ്ര 10 ഓവറില്‍ 79 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും മുഹമ്മദ് ഷമി ഒന്‍പത് ഓവറില്‍ 73 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി. നവ്ദീപ് സെയ്‌നി ഏഴ് ഓവറില്‍ 70 റണ്‍സും യുസ്‌വേന്ദ്ര ചെഹല്‍ ഒന്‍പത് ഓവറില്‍ 71 റണ്‍സും വഴങ്ങി. രവീന്ദ്ര ജഡേജ 10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയപ്പോള്‍, ഒരു ഓവര്‍ ബോള്‍ ചെയ്ത മായങ്ക് അഗര്‍വാള്‍ 10 റണ്‍സ് വിട്ടുകൊടുത്തു.

ഓസീസ് നിരയില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ആദ്യ അഞ്ച് പേരും അര്‍ധസെഞ്ചുറി പിന്നിട്ടെന്ന പ്രത്യേകതയുമുണ്ട്. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (83), ആരോണ്‍ ഫിഞ്ച് (60), മാര്‍നസ് ലബുഷെയ്ന്‍ (70) ഗ്ലെന്‍ മാക്‌സ്‌വെല്‍ (പുറത്താകാതെ 63) എന്നിവരുടെ അര്‍ധസെഞ്ചുറികളും ഓസീസ് ഇന്നിങ്‌സിന് കരുത്തായി. മോയ്‌സസ് ഹെന്റിക്വസ് രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യന്‍ ബോളര്‍മാര്‍ ഒരിക്കല്‍ക്കൂടി കാഴ്ചക്കാരായി മാറിയ മത്സരത്തില്‍ ഓസീസ് ഓപ്പണര്‍മാര്‍ വീണ്ടും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു. 22.5 ഓവറില്‍ ഡേവിഡ് വാര്‍ണര്‍ ആരോണ്‍ ഫിഞ്ച് സഖ്യം അടിച്ചെടുത്തത് 142 റണ്‍സ്. ഈ അടിത്തറയില്‍നിന്ന് പിന്നാലെ വന്നവരെല്ലാം തകര്‍ത്തടിച്ചതോടെയാണ് ഓസീസിന് കൂറ്റന്‍ സ്‌കോര്‍ സ്വന്തമായത്. വാര്‍ണര്‍ 77 പന്തില്‍ ഏഴു ഫോറും മൂന്നു സിക്‌സും സഹിതം 83 റണ്‍സെടുത്തു. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ഫിഞ്ച്, ഇത്തവണ 69 പന്തില്‍ ആറു ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തു.

 

 

Test User: