X

‘അവസാന ഓവറുകളില്‍ പാണ്ഡ്യയുടെ വെടിക്കെട്ട്’; ഓസീസിനെ തകര്‍ത്ത് ഇന്ത്യ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയം. ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. അവസാന ഓവറുകളില്‍ ഹര്‍ദിക്ക് പാണ്ഡ്യയും ശ്രേയസ് അയ്യരും നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.  ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. 22 പന്തുകള്‍ നേരിട്ട ഹാര്‍ദിക് പാണ്ഡ്യ രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 42 റണ്‍സോടെ പുറത്താകാതെ നിന്നു.അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തുകള്‍ നേരിട്ട ധവാന്‍ രണ്ടു സിക്‌സും നാലു ഫോറുമടക്കം 52 റണ്‍സെടുത്തു.

24 പന്തുകള്‍ നേരിട്ട ക്യാപ്റ്റന്‍ വിരാട് കോലി രണ്ടു വീതം സിക്‌സും ഫോറുമടക്കം 40 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ അഞ്ചു പന്തില്‍ നിന്ന് 12 റണ്‍സോടെ പുറത്താകാതെ നിന്നു. സഞ്ജു 10 പന്തില്‍ നിന്ന് 15 റണ്‍സെടുത്തു. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ കെ.എല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്.ഓപ്പണിങ് വിക്കറ്റില്‍ 56 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തിരുന്നു.പരിക്കേറ്റ ആരോണ്‍ ഫിഞ്ചിന് പകരം ടീമിനെ നയിക്കുന്ന മാത്യു വെയ്ഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. 32 പന്തില്‍ നാലു ഫോറും ഒരു സിക്‌സുമടക്കം വെയ്ഡ് 58 റണ്‍സെടുത്തു.സ്റ്റീവ് സ്മിത്ത് 38 പന്തില്‍ നിന്ന് രണ്ടു സിക്‌സും മൂന്നു ഫോറുമടക്കം 46 റണ്‍സെടുത്ത് പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മാത്യു വെയ്ഡ് മികച്ച തുടക്കമാണ് നല്‍കിയത്. വെയ്ഡ് തകര്‍ത്തടിച്ചതോടെ പവര്‍പ്ലേയില്‍ 59 റണ്‍സാണ് ഓസീസ് സ്‌കോറിലെത്തിയത്. കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ ടി. നടരാജന്‍ ഈ മത്സരത്തിലും ഇന്ത്യയ്ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 20 റണ്‍സ് വഴങ്ങിയ നടരാജന്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.

Test User: