X

ഇന്ന് ഇന്ത്യ അർജൻറീനക്കെതിരെ

പാരീസ്: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്കിന്ന് രണ്ടാം മൽസരം. പ്രതിയോഗികൾ 2016 ലെ റിയോ ഒളിംപിക്സിൽ സ്വർണം സ്വന്തമാക്കിയ അർജൻറീന. ആദ്യ മൽസരത്തിൽ 3-2ന് കിവിസിനെ ഇന്ത്യ തകർത്തപ്പോൾ അർജൻറീനക്കാർ ഒരു ഗോളിന് ഓസിസിന് മുന്നിൽ വഴങ്ങിയിരുന്നു. ഇന്ത്യ കിവിസിനെതിരെ വലിയ മാർജിനിൽ വിജയം പ്രതീക്ഷിച്ചാണ് ഇറങ്ങിയിരുന്നത്. എന്നാൽ വിയർത്താണ് വിജയിച്ചുകയറിയത്. തുടക്കത്തിൽ തന്നെ ടീം പിറകിൽ പോയിരുന്നു.

മൽസരാനന്തരം ചന്ദ്രികയുമായി സംസാരിക്കവെ കോച്ച് ക്രെയിഗ് ഫുൾട്ടൺ ആദ്യഗോൾ ഇന്ത്യയുടെ പിഴവാണെന്ന് സമ്മതിച്ചിരുന്നു. കിവിക്കാർ എന്നും ഫിസിക്കലാണ്. പ്രത്യേകിച്ച് ഇത് ഒളിംപിക്സാണ്. എല്ലാവരും അഗ്രസീവായിരിക്കും. പെനാൽട്ടി കോർണറുകൾ വഴങ്ങാതിരിക്കാൻ ജാഗ്രത വേണം. ന്യൂസിലൻഡിനെതിരെ ധാരാളം തവണ പെനാൽട്ടി കോർണറുകൾ വഴങ്ങി. അർജൻറീനക്കെതിരെ ഇത് ഒഴിവാക്കണം-അദ്ദേഹം പറഞ്ഞു. ഇതേ അഭിപ്രായം തന്നെയാണ് ഗോൾകീപ്പർ പി.ആർ ശ്രീജേഷും പങ്കിട്ടത്.

അർജൻറീനക്കാർക്ക് പഴയ പ്രതാപമില്ല. റിയോ ഒളിംപിക്സ് വേളയിൽ അവർ അതിശക്തരായിരുന്നു. ജർമനി,ഓസീസ് തുടങ്ങിയവരെ തോൽപ്പിച്ചർ. രാജ്യത്തെ ഹോക്കി അധികാരികളുമായുള്ള തർക്കത്തിൽ രണ്ട് പ്രധാന താരങ്ങൾ കളം വിട്ടതോടെ ടീമിൻറെ മനോവീര്യം തന്നെ തകർന്നു. വെള്ളിയാഴ്ച്ച ഓസിസിനെതിരായ ആദ്യ മൽസരത്തിൽ ആക്രമണങ്ങളിൽ ടീം വളരെ പിറകിലായി.
ഇന്ത്യക്ക് പ്രശ്നം പ്രതിരോധമാണ്. ശ്രീജേഷ് ഭദ്രമായി വല കാക്കുമ്പോഴും പിൻനിരക്കാർ പെട്ടന്നുള്ള പ്രതിയോഗികളുടെ കടന്നാക്രമണത്തിൽ പതറുന്നു. ന്യൂസിലൻഡ് ഈ വിധമാണ് ആദ്യം സ്ക്കോർ ചെയ്തത്. ഇന്ത്യ ലീഡിലേക്ക് തിരികെ വന്നപ്പോഴും കിവികൾ അതിവേഗ ആക്രമണം തുടർന്ന. പെനാൽട്ടി കോർണറുകൾ നിരന്തരം വഴങ്ങി. ഇത് ഒഴിവാക്കണമെന്നാണ് ഫുൾട്ടൺ പറയുന്നത്.

webdesk14: