സംഘർഷഭരിതമായ മണിപ്പൂരിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി രണ്ട് ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിലെത്തിയ പ്രതിപക്ഷത്തിന്റെ ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യത്തിന്റെ എംപിമാരുടെ 21 അംഗ ബഹുകക്ഷി പ്രതിനിധി സംഘം ഇന്ന് മണിപ്പൂർ ഗവർണർ അനുസൂയ ഉയ്കെയെ കണ്ടു.ഫലപ്രദമായ എല്ലാ നടപടികളും സ്വീകരിച്ച് സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണമെന്ന് അവർ ഗവർണറോട് ആവശ്യപ്പെട്ടു.പ്രതിനിധി സംഘം ചുരാചന്ദ്പൂർ, മൊയ്‌റംഗ്, ഇംഫാൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ദുരിതാശ്വാസ ക്യാമ്പുകളിലെ ഇരകളോടും അന്തേവാസികളോടും ആശയവിനിമയം നടത്തുകയും ചെയ്തു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം മണിപ്പൂരിലെ അക്രമങ്ങളോടുള്ള അദ്ദേഹത്തിന്റെ ധിക്കാരപരമായ നിസ്സംഗതയാണ് കാണിക്കുന്നത്, മൂന്ന് മാസത്തിലേറെയായി തുടരുന്ന വംശീയ സംഘർഷത്തിലെ നാശത്തിന്റെ കണക്കുകൾ ഉദ്ധരിച്ച് അംഗങ്ങൾ ഗവർണ്ണർക്ക് നിവേദനം നൽകി.
മരണത്തിന്റെയും നഷ്ടങ്ങളുടെയും കണക്കുകളിൽ നിന്ന് രണ്ട് സമുദായങ്ങളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരാജയം വ്യക്തമാണ്.കഴിഞ്ഞ മൂന്ന് മാസത്തോളമായി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായി പരാജയപ്പെട്ടുവെന്ന് സംശയത്തിന് അതീതമായി സ്ഥാപിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ വെടിവയ്പ്പിന്റെയും വീടുകൾക്ക് തീയിടുന്നതിന്റെയും റിപ്പോർട്ടുകൾ, പ്രതിപക്ഷം ഗവർണർക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ ദയനീയമാണ്. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഇന്റർനെറ്റ് നിരോധനം അടിസ്ഥാനരഹിതമായ കിംവദന്തികളെ സഹായിക്കുകയാണെന്നും പ്രതിനിധി സംഘം വ്യക്തമാക്കി.