X

ഹംബിയില്‍ കല്‍തൂണുകള്‍ നശിപ്പിച്ചവരെകൊണ്ടു തന്നെ പുനഃസ്ഥാപിപ്പിച്ചു; വമ്പന്‍ പിഴയും

ലോക പൈതൃക പട്ടികയില്‍ ഇടം തേടിയിട്ടുള്ള ഹംബിയിലെ പുരാതന സ്മാരകങ്ങളിലെ തൂണുകള്‍ നശിപ്പിച്ചവര്‍ക്കെതിരെ കോടതിയുടെ തക്കതായ നടപിടി. കര്‍ണാടകയിലെ പൗരാണിക ഭരണകേന്ദ്രമായ ഹംബിയിലെ പുരാതന സ്മാരകങ്ങളുടെ തൂണുകളാണ് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചത്. നശിപ്പിച്ച തൂണുകള്‍ അവവരെ കൊണ്ടുതന്നെ കോടതി പുനഃസ്ഥാപിപ്പിച്ചു. സ്മാരകം നശിപ്പിച്ച സംഘത്തിലെ ഒരോത്തര്‍ക്കും 70,000 രൂപ പിഴയും കോടതി വിധിച്ചു. ഈ മാസമാദ്യമായിരുന്നു സഞ്ചാരികളുടെ ഹൃദയം തകര്‍ക്കുന്ന രീതിയില്‍ കെട്ടിടത്തിലെ കല്‍തൂണുകള്‍ നാലു പേര്‍ ചേര്‍ന്ന് തള്ളിയിട്ടത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.

തൂണുകള്‍ തള്ളിയിടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൃത്യം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൂന്നുപേര്‍ ചേര്‍ന്ന് കൊത്തുപണികളോടുകൂടിയ തൂണുകള്‍ ഒരോന്നായി തള്ളിയിടുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. തൂണുകള്‍ പൊട്ടുന്നതും, കേടുപാട് പറ്റിയവ അടുത്ത് വീണുകിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ വിദഗ്ധരുടെ നേതൃത്വത്തിലാണ് നശിപ്പിച്ചവരെകൊണ്ട് തൂണുകള്‍ പുനഃസ്ഥാപിപ്പിച്ചത്. ‘അവരോടപ്പം തങ്ങളുടെ പണിക്കാരും ആറേഴ് മണിക്കൂര്‍ പണിയെടുത്താണ് തൂണുകള്‍ പഴയതു പോലെയാക്കിയതെന്ന്’ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഉദ്യേഗസ്ഥന്‍ മുത്തയ്യ കാളിമുത്തു ബിബിസിയോട് പറഞ്ഞു.

ഹംബിയിലെ പൈതൃക സ്വത്തുക്കള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ രാജ്യത്തെ പുരാതന കേന്ദ്രങ്ങള്‍ സംരക്ഷിക്കേണ്ട ആവശ്യകത ഉയര്‍ത്തിക്കാട്ടിയും മതിയായ സുരക്ഷ നല്‍കണമെന്ന് ചൂണ്ടികാണിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. യുനസ്‌കോയും വിഷയത്തെ ഗൗരവമായിട്ടാണ് കണ്ടിരുന്നത്.

chandrika: