മൊഹാലി: ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 283 റണ്‍സിന് അവസാനിപ്പിച്ച ഇന്ത്യയ്ക്കും ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 271 റണ്‍സ് എന്ന നിലയിലാണ്. 57 റണ്‍സുമായി രവിചന്ദ്രന്‍ അശ്വിനും 31 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. അര്‍ധസെഞ്ച്വറികള്‍ നേടിയ നായകന്‍ വിരാട് കോഹ്ലി(62) ചേതേശ്വര്‍ പൂജാര(51), എന്നിവരൊഴികെ മറ്റാര്‍ക്കും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. സ്‌കോര്‍ 39ല്‍ നില്‍ക്കെ ഓപണര്‍ മുരളി വിജയ്(12)യുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ആദില്‍ റഷീദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പാര്‍ഥിപ് പട്ടേലും (42) പുറത്തായി. 51 റണ്‍സെടുത്ത പൂജാരയെകൂടി പുറത്താക്കി റഷീദ് ഇന്ത്യയെ ഞെട്ടിച്ചു. അജിന്‍ക്യ രഹാനെ(0) വന്നതു പോലെ മടങ്ങിയപ്പോള്‍ കന്നി മത്സരം കളിക്കാനിറങ്ങിയ മലയാളി താരം കരുണ്‍ നായര്‍(4) ഇല്ലാത്ത റണ്ണിനുവേണ്ടി ഓടി റണ്ണൗട്ടായി. അഞ്ചു വിക്കറ്റിന് 156 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ ക്യാപ്റ്റന്‍ കോലി അശ്വിനുമൊത്ത് നടത്തിയ ചെറുത്തു നില്‍പാണ് കരകയറാന്‍ സഹായിച്ചത്. ആറിന് 204 എന്ന നിലയില്‍ ഒത്തു ചേര്‍ന്ന ജഡേജയും അശ്വിനും ഇതിനോടകം 68 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇംഗ്ലണ്ടിനു വേണ്ടി ആദില്‍ റഷീദ് മൂന്നും ബെന്‍സ്‌റ്റോക്‌സ് രണ്ടും വിക്കറ്റ് വീഴ്ത്തി. നേരത്തെ എട്ടിന് 268 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സ് 283 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി മൂന്നു വിക്കറ്റുകളും ഉമേഷ് യാദവ്, അശ്വിന്‍, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.