ഏകദിന ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. വിരാട് കോഹ്ലിയുടെയും ശ്രയസ് അയ്യരുടെയും സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ ന്യൂസിലന്‍ഡിനെതിരെ 398 റണ്‍സ് നേടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സാണ് നേടിയത്. കളിയില്‍ വിരാട് കോഹ്ലി ഏകദിന കരിയറിലെ 50-ാം സെഞ്ച്വറി നേടി പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കുക കൂടി ചെയ്ത മത്സരമാണ് ഇന്നത്തേത്.
കോഹ്ലി അമ്പതാം സെഞ്ചുറി തികയ്ക്കുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സ്‌റ്റേഡിയത്തില്‍ ഉണ്ട്. ഒരിക്കലും ഒരാളും തിരുത്താന്‍ സാധ്യതയില്ലാത്ത റെക്കോഡുകളുടെ ഗണത്തിലേക്ക് വിരാട് കോഹ്ലിയുടെ പ്രകടനം മാറുന്നു. നേരത്തെ ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോഹ്ല മറികടന്നിരുന്നു. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സാണ് ഇപ്പോള്‍ മറികടന്നിരിക്കുന്നത്.
65 പന്തില്‍ 79 റണ്‍സെടുത്തു നില്‍ക്കെ പേശീവലിവിനെ തുടര്‍ന്ന് ഗില്ലിന് മടങ്ങേണ്ടി വന്നപ്പോള്‍ നാലാം നമ്പറിലിറങ്ങിയ ശ്രയസ് അയ്യര്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചു. 70 പന്തില്‍ 105 റണ്‍സ് നേടി പുറത്തായി.