ദുബായ്: പാക്കിസ്താനോട് അഞ്ച് വിക്കറ്റിന് സൂപ്പര്‍ ഫോറില്‍ പരാജയപ്പെട്ടതോടെ ഏഷ്യാകപ്പില്‍ ഇന്നത്തെ ഇന്ത്യ-ശ്രീലങ്ക പോരാട്ടം രോഹിത് ശര്‍മയുടെ സംഘത്തിന് ജീവന്മരണം. നാല് ടീമുകള്‍ പരസ്പരം മാറ്റുരക്കുന്ന ഫോര്‍മാറ്റില്‍ ഇനി ഇന്ത്യക്ക് രണ്ട് മല്‍സരങ്ങളാണ് ബാക്കി. ലങ്കക്കും അഫ്ഗാനിസ്താനുമെതിരെ. രണ്ടും ജയിച്ചാല്‍ മാത്രമാണ് ഫൈനല്‍ ഉറപ്പിക്കാനാവുക.
ഇതിനകം പാകിസ്താനും ലങ്കയുമാണ് ഓരോ മല്‍സരം ജയിച്ച് മുന്‍പന്തിയില്‍. ലങ്കക്കാര്‍ തപ്പിതടഞ്ഞാണ് സൂപ്പര്‍ ഫോറിലെത്തിയത്. പ്രാഥമിക റൗണ്ടിലെ ആദ്യ മല്‍സരത്തില്‍ അഫ്ഗാനോട് തകര്‍ന്നിരുന്നു ലങ്ക. പക്ഷേ രണ്ടാം മല്‍സരത്തില്‍ ബംഗ്ലാദേശിനെ അവസാന ഓവറില്‍ കശക്കിയാണ് അവര്‍ രണ്ടാം ഘട്ടത്തിലെത്തിയത്. എന്നാല്‍ സൂപ്പര്‍ ഫോറിലെ ആദ്യ മല്‍സരത്തില്‍ ആവേശത്തോടെ കളിച്ച ലങ്കക്കാര്‍ അതേ അഫ്ഗാനികളെയാണ് വീഴ്ത്തിയത്. ഇന്ത്യയാവട്ടെ നല്ല തുടക്കത്തിന് ശേഷം സൂപ്പര്‍ ഫോറില്‍ അടിപതറി നില്‍ക്കുന്നു. പാകിസ്താനെതിരായ മല്‍സരത്തില്‍ ഇന്ത്യക്ക്് ഗംഭീര തുടക്കം ലഭിച്ചിരുന്നു.
ഓപ്പണര്‍മാരായ. കെ.എല്‍ രാഹലും നായകന്‍ രോഹിത് ശര്‍മയും നന്നായി തുടങ്ങി. വിരാത് കോലിയും നല്ല ഫോമിലായിരുന്നു. പക്ഷേ മധ്യനിരക്ക് പിഴച്ചു. ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും റിഷാഭ് പന്തുമെല്ലാം പെട്ടെന്ന് മടങ്ങി. ബൗളിംഗിലും വിശ്വസ്തനായ ഭൂവനേശ്വര്‍ കുമാറിന് അടിപിഴച്ചു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ പത്തൊമ്പതാം ഓവറില്‍ വഴങ്ങിയ 19 റണ്‍സായിരുന്നു തോല്‍വി ഉറപ്പാക്കിയത്. ബൗളിംഗില്‍ വിശ്വസ്തനായ സ്പിന്നര്‍ യൂസവേന്ദ്ര ചാഹലും റണ്‍സ് വഴങ്ങി. വിശ്വാസ്യത കാത്തത് രവി ബിഷ്‌ണോയി മാത്രമായിരുന്നു. ഫീല്‍ഡിംഗിലെ പിഴവുകളും വിനയായി. പക്ഷേ ഇന്നത്തെ മല്‍സരത്തില്‍ കരുത്തോടെ ടീം തിരികെ വരുമെന്നാണ് രോഹിത് വ്യക്തമാക്കിയിരിക്കുന്നത്. കളി രാത്രി 7-30 മുതല്‍.