ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുമ്പോള്‍ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 80.41 രൂപയും ഡീസലിന് 73.23 രൂപയുമാണ് നിലവിലെ വില. എണ്ണക്കമ്പനികള്‍ അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുമ്പോഴും വിലക്കയറ്റം പിടിച്ചു നിര്‍ത്താനോ എക്‌സൈസ് തീരുവ കുറക്കാനോ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തത് സാധാരണക്കാരുടെ നട്ടെല്ലൊടിക്കുകയാണ്.
അതിനിടെ ഇന്ധനവില നിയന്ത്രിക്കാന്‍ ദീര്‍ഘകാല പദ്ധതികളാണ് കേന്ദ്രം ആലോചിക്കുന്നതെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ‘ഇന്ധനവിലയിലുണ്ടാകുന്ന അസ്ഥിരതയില്‍ സര്‍ക്കാറിന് ആശങ്കയുണ്ട്. താത്കാലിക പരിഹാരത്തിന് ശേഷം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നടപടികള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുക’- കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് വെളിപ്പെടുത്താന്‍ മന്ത്രി തയ്യാറായില്ല.
ഇന്ധനവില പിടിച്ചു നിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒ.എന്‍.ജി.സിയുടെ സഹായം തേടിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഒ.എന്‍.ജി.സി വില്‍ക്കുന്ന അസംസ്‌കൃത എണ്ണയുടെ വില നിയന്ത്രിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. രാജ്യത്തെ അസംസ്‌കൃത എണ്ണയുടെ 20% ഒ.എന്‍.ജി.സിയാണ് വിതരണം ചെയ്യുന്നത്.