X

തൂത്തുവാരാന്‍ ഇന്ത്യ; ആശ്വാസജയം തേടി ലങ്ക

ഇന്ന് ആളും ആരവും കുറയുമെന്ന ആശങ്കക്കിടയിലും കാര്യവട്ടത്ത് കാര്യങ്ങളെല്ലാം ഇന്ത്യക്ക് അനുകൂലമാണ്. ഭാഗ്യഗ്രൗണ്ടില്‍ ശ്രീലങ്കക്ക് എതിരായ ഏകദിന പരമ്പര തൂത്തുവാരുക എന്ന ലക്ഷ്യം മാത്രമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌പോര്‍ട്‌സ് ഹബില്‍ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് മുന്നിലുള്ളത്. അതേ സമയം ആശ്വാസ വിജയത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള തന്ത്രപ്പാടിലാണ്് ശ്രീലങ്ക. ശ്രീലങ്കക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ന് 1.30ന് ആരംഭിക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്സ്റ്റാറിലും തത്സമയം മത്സരം കാണാം.

ഗുവാഹത്തിയിലും കൊല്‍ക്കത്തയിലും നടന്ന ആദ്യ രണ്ടു മത്സരങ്ങളില്‍ വിജയം നേടി പരമ്പര ഉറപ്പാക്കിയ ഇന്ത്യ, യുവനിരയുടെ പരീക്ഷണത്തിന് കാര്യവട്ടം വേദിയാക്കുമെന്നാണ് കരുതുന്നത്. ഇതിന്റെ സൂചനകള്‍ ഇന്നലെ പരിശീലനത്തിലും ദൃശ്യമായി. നായകന്‍ രോഹിത് ശര്‍മ്മ, മുന്‍ നായകന്‍ വിരാട് കോഹ്ലി തുടങ്ങിയ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ ഇന്നലെ നെറ്റ് പരിശീലനത്തിന് ഇറങ്ങിയില്ല. മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങള്‍ മത്സരപരിചയം നല്‍കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

രോഹിത് ശര്‍മയ്ക്കും മുന്‍ നായകന്‍ വിരാട് കോലിക്കും ഇന്ത്യ വിശ്രമം അനുവദിച്ചാല്‍ മൂന്നാം ഏകദിനത്തിനായുള്ള ടീമില്‍ ബാറ്റിങ് നിരയില്‍ സമ്പൂര്‍ണ അഴിച്ചുപണിയുണ്ടാകും. ഇന്നലെ നെറ്റ്‌സില്‍ കൂടുതല്‍ സമയം പരിശീലനം നടത്തിയ ശുഭ്മാന്‍ ഗില്‍, യുവതാരം ഇഷാന്‍ കിഷന്‍ എന്നിവര്‍ ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കുമെന്നാണ് സൂചന. ഫോമിലേക്ക് തിരിച്ചെത്തിയ കെ.എല്‍ രാഹുല്‍ ഉറപ്പാണ്. മധ്യനിരയില്‍ കാര്യമായ മാറ്റങ്ങള്‍ക്കു സാധ്യതയില്ല. സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും തുടരുമെന്നാണ് സൂചന. പേസര്‍മാരായി മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും തുടരും. മുഹമ്മദ് ഷമിക്ക് വിശ്രമം നല്‍കിയേക്കും. അങ്ങനെയങ്കില്‍ ഇടംകൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങ് ആദ്യ ഇലവനില്‍ ഇടം പിടിക്കും. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര മുന്നില്‍ കണ്ട് ശ്രീലങ്കയ്‌ക്കെതിരെ പരമ്പര തൂത്തു വാരി സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ.നായകന്‍ ദസുന്‍ ഷനകെ, കൊല്‍ക്കത്തയില്‍ അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ നുവാനിഡു ഫെര്‍ണാണ്ടോയും ഉള്‍പ്പെടെ സമ്പൂര്‍ണ ബാറ്റിങ് നിരയെ കളത്തിലിറക്കി വിജയം പിടിക്കുകയാണ് ശ്രീലങ്കയുടെ ലക്ഷ്യം. ഇന്ത്യയുടെ കരുത്തരായ ബൗളിങ് നിരയെ ടീം കരുതലോടെയാണ് സമീപിക്കുകയെന്ന് കോച്ച് ക്രിസ് സില്‍വര്‍ഹുഡ് പറഞ്ഞു.

webdesk11: