X

മണിപ്പൂരിലെ നേരനുഭവം പറയാന്‍ ‘ഇന്ത്യ’ ഇന്ന് പാര്‍ലമെന്റിലേക്ക്

ന്യൂഡല്‍ഹി: വംശീയ കലാപത്തില്‍ വെന്തെരിയുന്ന മണിപ്പൂരില്‍ നടത്തിയ സന്ദര്‍ശനത്തില്‍ കണ്ടതും കേട്ടതുമായ നടുക്കുന്ന അനുഭവങ്ങളുമായി ‘ഇന്ത്യ’ പ്രതിനിധി സംഘം ഇന്ന് പാര്‍ലമെന്റിലേക്ക്. മണിപ്പൂര്‍ വിഷയത്തില്‍ നേരത്തെതന്നെ ശക്തമായ പ്രതിഷേധം തുടരുന്ന പ്രതിപക്ഷത്തിന്റെ പുതിയ വരവില്‍ സഭ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നുറപ്പാണ്.

മൂന്നു മാസത്തിലധികമായി വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിലും സര്‍വ്വവും നഷ്ടപ്പെട്ട മനുഷ്യര്‍ക്ക് സഹായം എത്തിക്കുന്നതിലും ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ സമ്പൂര്‍ണ പരാജയമാണെന്ന് ‘ഇന്ത്യ’. കേട്ടറിഞ്ഞതിനേക്കാള്‍ ഭീതിതമാണ് മണിപ്പൂരിലെ അവസ്ഥ. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളുമാണ് ചുട്ടെരിക്കപ്പെട്ടിരിക്കുന്നത്. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നരകതുല്യ യാതനകള്‍ സഹിച്ചാണ് മനുഷ്യര്‍ കഴിയുന്നത്. ആവശ്യത്തിന് മരുന്നോ ഭക്ഷണമോ ക്യാമ്പുകളില്‍ ലഭ്യമല്ല. ഒരു ഹാളില്‍ 400- 500 പേര്‍ ഞെങ്ങിഞെരിഞ്ഞ് കഴിയുന്ന ക്യാമ്പുകളുണ്ട് – രണ്ടു ദിവസമായി മണിപ്പൂരില്‍ സന്ദര്‍ശനം നടത്തുന്ന 21 എം.പിമാരടങ്ങുന്ന ഇന്ത്യ പ്രതിനിധി സംഘം ഗവര്‍ണര്‍ അനുസൂയ യുക്കിയുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം രാജ്ഭവനു മുന്നില്‍ മാധ്യമങ്ങളോട് പറഞ്ഞു. സന്ദര്‍ശനം പൂര്‍ത്തിയാക്കി സംഘം ഇന്നലെ വൈകീട്ടോടെ ഡല്‍ഹിയിലേക്ക് മടങ്ങി.

മണിപ്പൂരില്‍ സര്‍വകക്ഷി സംഘം സന്ദര്‍ശനം നടത്തണമെന്നും ജനങ്ങളോട് പരസ്പരം വിശ്വാസത്തില്‍ കഴിയാന്‍ അഭ്യര്‍ത്ഥിക്കണമെന്നും കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ തങ്ങളോട് ആവശ്യപ്പെട്ടതായി കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തുടക്കത്തിലേ കലാപം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറുകള്‍ പരാജയപ്പെട്ടു. 150ലധികം പേരാണ് കലാപത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കുടുംബങ്ങള്‍ അഭയാര്‍ത്ഥികളായി. വീടുകളും സര്‍ക്കാര്‍ ഓഫീസുകളും മത ആരാധനാലയങ്ങളും രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനങ്ങളും ആക്രമിക്കപ്പെട്ടു. എന്നിട്ടും പ്രധാനമന്ത്രി തുടരുന്ന മൗനം അപലപനീയമാണ്. കലാപ ബാധിതരെ പുനരധിവസിപ്പിക്കുന്നതില്‍ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് ഗവര്‍ണര്‍ അനസൂയ യുക്കിക്ക് നല്‍കിയ നിവേദനത്തില്‍ ഇന്ത്യ പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

webdesk11: