X
    Categories: MoreViews

യു.എന്നിന്റെ സാമ്പത്തിക-സാമൂഹിക കാര്യ സമിതിയിലേക്ക് ഇന്ത്യ വീണ്ടും

ഐക്യരാഷ്ട്രസഭ: യു.എന്നിന്റെ സാമൂഹിക-സാമ്പത്തിക-പരിസ്ഥിതി വിഷയങ്ങള്‍ക്കായുള്ള സമിതിയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയടക്കം 18 രാഷ്ട്രങ്ങലാണ് എകണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സില്‍ എന്നു പേരുള്ള സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടിങിന്റെ അടിസ്ഥാനത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയ്ക്ക് 183 രാഷട്രങ്ങളുടെ പിന്തുണ ലഭിച്ചു. ഏഷ്യ-പസഫിക് മേഖലയില്‍ നിന്ന് ജപ്പാന് ശേഷം ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത് ഇന്ത്യയ്ക്കായിരുന്നു. കൗണ്‍സിലില്‍ മൊത്തം 18 ഒഴിവുകളാണ് ഉണ്ടായിരുന്നത്.
ഇന്ത്യയ്ക്ക് പുറമേ, അയല്‍രാഷ്ട്രമായ പാകിസ്താനും അംഗത്വത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ പാകിസ്താന് ഒരു വോട്ടു മാത്രമേ ലഭിച്ചുള്ളൂ. ഇരുരാഷ്ട്രങ്ങളും നിലവില്‍ കൗണ്‍സില്‍ അംഗങ്ങളാണ്. ഈ വര്‍ഷം അവസാനത്തോടെ ഇരുവരുടെയും കാലാവധി അവസാനിക്കും. ഇന്ത്യയ്ക്കായി യു.എന്നിലെ സ്ഥിരം പ്രതിനിധി സെയ്ദ് അക്ബറുദ്ദീനാണ് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യയ്ക്ക് വോട്ടു ചെയ്ത അംഗരാഷ്ട്രങ്ങള്‍ക്ക് അദ്ദേഹം ട്വിറ്റര്‍ വഴി നന്ദിയറിയിച്ചു. മൂന്നു വര്‍ഷമാണ് കാലാവധി.
അന്താരാഷ്ട്ര ട്രൈബ്യൂണലിലേക്ക് ഇന്ത്യന്‍ നിയമജ്ഞയായ നീരു ഛദ്ദ തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടടുത്ത ദിവസമാണ് അന്താരാഷ്ട്ര തലത്തിലെ സുപ്രധാന തസ്തികയിലേക്ക് ഇന്ത്യ വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നത്. ഏഷ്യാ പസഫികില്‍ ഏറ്റവും കൂടുതല്‍ വോട്ട് (120) നേടിയാണ് ഛദ്ദ ട്രൈബ്യൂണലിലെത്തിയത്.
ഇന്ത്യയെ കൂടാതെ, ബെലാറസ്, ഇക്വഡേര്‍, എല്‍സാല്‍വദോര്‍, ഫ്രാന്‍സ്, ജര്‍മനി, ഘാന, ഐര്‍ലന്‍ഡ്, ജപ്പാന്‍, മലാവി, മെക്‌സികോ, മൊറോക്കോ, ഫിലിപ്പൈന്‍സ്, സ്‌പെയിന്‍, സുഡാന്‍, ടോഗോ, തുര്‍ക്കി, ഉറുഗ്വെ തുടങ്ങിയ രാഷ്ട്രങ്ങളും സമിതിയിലെത്തിയിട്ടുണ്ട്. ഇതില്‍ ഫ്രാന്‍സ്, ജര്‍മനി, ഘാന, ഐര്‍ലന്‍ഡ്, ജപ്പാന്‍ എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയാണ്.
ഐക്യരാഷ്ട്ര സഭയുടെ ആറ് പ്രധാനപ്പെട്ട ഉപസംഘടനകളില്‍ ഒന്നാണ് സാമ്പത്തിക-സാമൂഹ്യ-പരിസ്ഥിതി കൗണ്‍സില്‍. മൊത്തം 54 അംഗങ്ങളാണ് കൗണ്‍സിലിലുള്ളത്.

chandrika: