ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ സഞ്ജു കിടിലന്‍ പ്രകടനം കാഴ്ചവെച്ചു. 40 പന്തില്‍ സെഞ്ചുറിയടിച്ച സഞ്ജു (111) പുറത്തായി. അര്‍ദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിയാന്‍ പരാഗുമാണ് നിലവില്‍ ക്രീസിലുള്ളത്. 14 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്ണെടുത്തിട്ടുണ്ട് ഇന്ത്യ.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ഷദീപിന് പകരം രവി ബിഷ്‌ണോയിയെ ഉള്‍പ്പെടുത്തിയതാണ് ടീമിലെ ഏക മാറ്റം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വിജയം നേടിയതോടെ കൂറ്റന്‍ സ്‌കോറിലേക്കാണ് എത്തിയിട്ടുള്ളത്. ഇന്ന് കൂടി ജയിച്ചാല്‍ ഇന്ത്യക്ക് ഇത് വലിയ നേട്ടമായിരിക്കും. ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് മൂന്നാം മത്സരം.
അതേസമയം സഞ്ജുവിന്റെ ആദ്യ അന്താരാഷ്ട്ര ട്വന്റി20 സെഞ്ച്വറിയാണിത്. ബംഗ്ലാദേശിനായി രണ്ടാം ഓവര്‍ എറിയാനെത്തിയ തസ്‌കിനെ തുടര്‍ച്ചയായി നാലു തവണ ബൗണ്ടറി കടത്തിയാണ് സഞ്ജു കളിയാരംഭിച്ചത്.
ട്വന്റി20 ടീമില്‍ ഓപ്പണറായ സഞ്ജുവിനും സ്ഥിരം ഓപ്പണര്‍ പദവിയില്‍ പ്രതീക്ഷ വെക്കുന്ന അഭിഷേകിനും ആദ്യ രണ്ടു മത്സരങ്ങളിലും പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല.