X
    Categories: indiaNews

ഇസ്‌ലാം വിരുദ്ധ നീക്കം; ഇമ്മാനുവല്‍ മക്രോണിനെ പിന്തുണച്ച് ഇന്ത്യ

ന്യൂഡല്‍ഹി: പ്രവാചക നിന്ദയെ പിന്തുണച്ച് ഇസ് ലാം വിരുദ്ധ പ്രചാരണം നടത്തുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെ പിന്തുണച്ച് വിദേശകാര്യമന്ത്രാലയം. മക്രോണിനെതിരെ നടക്കുന്ന വ്യക്തിപരമായ വിമര്‍ശനങ്ങളെ ഇന്ത്യ അപലപിച്ചു.
അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് പ്രസിഡന്റിനെതിരെ നടക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഫ്രഞ്ച് അധ്യാപകനെ പൊതുനിരത്തില്‍ തലയറുത്ത് കൊലപ്പെടുത്തി സംഭവത്തേയും ഇന്ത്യ അപലപിച്ചു. ഏത് സാഹചര്യത്തിലായാലും, എന്ത് കാരണം കൊണ്ടായാലും തീവ്രവാദത്തിന് ന്യായീകരണമില്ലെന്നും ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.

ഫ്രഞ്ച് അധ്യാപകന്‍ സാമുവല്‍ പാറ്റി ക്ലാസ് മുറിയില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അക്രമിയെ വെടിവെച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ പാറ്റിയെ പിന്തുണച്ച് മക്രോണ്‍ രംഗത്തെത്തി. ‘ഞങ്ങള്‍ ഇത് തുടരും. സ്വാതന്ത്ര്യത്തെ സംരക്ഷിക്കും. മതേതരത്വം നടപ്പിലാക്കും. ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.’ ഇതിന്റെ ഭാഗമായി 1905-ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താന്‍ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പറഞ്ഞ മക്രോണ്‍ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

മക്രോണിന്റെ ഇസ്‌ലാം വിരുദ്ധ പരാമര്‍ശവും പ്രവാചക നിന്ദയും അറബ് ലോകത്ത് വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഖത്തറും കുവൈത്തും ഫ്രഞ്ച് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ മക്രോണിന്റെ മാനസിക നില പരിശോധിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ബംഗ്ലാദേശില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധറാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ലോകത്താകമാനം ഫ്രഞ്ച് പ്രസിഡന്റിനെതിരെ പ്രതിഷേധം അലയടിക്കുമ്പോഴാണ് മക്രോണിനെ പിന്തുണച്ച് ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: