കൊല്‍ക്കത്ത: ഇന്ത്യ-ശ്രീലങ്ക ഒന്നാം ടെസ്റ്റ് സമനിലയില്‍. മഴ കാരണം ആദ്യ രണ്ട് ദിനങ്ങളിലെ സിംഹഭാഗവും നഷ്ടപ്പെട്ട ടെസ്റ്റ് അവസാന ദിനത്തില്‍ ആവേശകരമായെങ്കിലും വെളിച്ചക്കുറവ് ശ്രീലങ്കക്ക് അനുകൂലമാവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ മുന്നോട്ടുവെച്ച 231 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക ഏഴു വിക്കറ്റിന് 75 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം നിര്‍ത്താന്‍ അംപയര്‍മാര്‍ തീരുമാനിച്ചത്.
സ്‌കോര്‍ ചുരുക്കത്തില്‍: ഇന്ത്യ 172 & എട്ടിന് 352 ഡിക്ല. ശ്രീലങ്ക: 294 & ഏഴിന് 75. രണ്ട് ഇന്നിങ്‌സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാര്‍ ആണ് കളിയിലെ കേമന്‍.
ഒന്നാം ഇന്നിങ്‌സില്‍ 120 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ എട്ടു വിക്കറ്റിന് 352 റണ്‍സെടുത്താണ് ശ്രീലങ്കയെ അവസാന ദിനത്തെ നേരിടാന്‍ നിര്‍ബന്ധിച്ചത്. വിരാട് കോഹ്‌ലിയുടെ (104 നോട്ടൗട്ട്) 50-ാം അന്താരാഷ്ട്ര സെഞ്ച്വറി പിറന്ന മത്സരം വിജയത്തിലെത്തിക്കാന്‍ ഭുവനേശ്വര്‍ കുമാറും (എട്ട് റണ്‍സിന് നാലു വിക്കറ്റ്) മുഹമ്മദ് ഷമിയും (34 റണ്‍സിന് രണ്ടു വിക്കറ്റ്) കിണഞ്ഞു ശ്രമിച്ചെങ്കിലും വെളിച്ചക്കുറവ് സന്ദര്‍ശകര്ക്ക് അനുകൂലമാവുകയായിരുന്നു. ലോകേഷ് രാഹുല്‍ (79), ശിഖര്‍ ധവാന്‍ (94) എന്നിവരുടെ മികച്ച പ്രകടനവും ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായി.