ജോഹന്നാസ്ബര്‍ഗ്ഗ്: തട്ടു തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ ദക്ഷിണാഫ്രിക്കയിലെ ഏകദിന പരമ്പര പൂര്‍ത്തിയാക്കി. പരമ്പരയിലെ അവസാന പോരാട്ടം എട്ട് വിക്കറ്റിന് തികച്ചും ഏകപക്ഷീയമായി സ്വന്തമാക്കിയാണ് വിരാത് കോലിയും സംഘവും ജൈത്രയാത്ര പൂര്‍ത്തിയാക്കിയത്. അതിവേഗതയില്‍, അനായാസതയില്‍, സുന്ദര ഷോട്ടുകളുമായി സെഞ്ച്വറി സ്വന്തമാക്കിയ നായകന്‍ കോലി തന്നെയായിരുന്നു താരം.
ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 204 ല്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ എളുപ്പത്തില്‍ കളി അവസാനിപ്പിച്ചു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. കോലി പുറത്താവാതെ 129 റണ്‍സ് നേടിയപ്പോള്‍ അജിങ്ക്യ രഹാനെ 34 റണ്‍സുമായി ഉറച്ച പിന്തുണ നല്‍കി. സെഞ്ചൂറിയനിലെ ഉറച്ച ബാറ്റിംഗ് ട്രാക്കിലും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിന് പിഴച്ചു.
ഇത്തവണ ഇന്ത്യന്‍ സ്പിന്നര്‍മാരായിരുന്നില്ല വില്ലന്മാര്‍. പരമ്പരയില്‍ ആദ്യ മല്‍സരം കളിക്കുന്ന സീമര്‍ ശ്രാദ്ധുല്‍ ഠാക്കൂറായിരുന്നു. ഒന്നിന് പിറകെ ഒന്നായി യുവ സീമര്‍ നാല് പേരെ പുറത്താക്കിയപ്പോള്‍ ജസ്പ്രീത് ബുംറയും സ്വന്തം റോള്‍ ഭംഗിയാക്കി. 24 റണ്‍സ് മാത്രം നല്‍കി രണ്ട് പേരേ അദ്ദേഹവും പുറത്താക്കി. ആറ് പേരെ രണ്ട് സീമര്‍മാരും ചേര്‍ന്ന് കെട്ടുകെട്ടിച്ചപ്പോള്‍ പരമ്പരയില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാരുടെ പേടി സ്വപ്‌നമായ സ്പിന്നര്‍മാര്‍-യുസവേന്ദ്ര ചാഹല്‍ രണ്ട് പേരെയും കുല്‍ദീപ് യാദവ് ഒരാളെയും പുറത്താക്കി. ഇതോടെ ഐദന്‍ മാര്‍ക്ക് റാമിന്റെ സംഘം അമ്പത് ഓവര്‍ പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ 204 ല്‍ പുറത്തായി.
പരമ്പരയിലെ രണ്ടാം ഏകദിനം നടന്ന അതേ വേദിയില്‍ അമിത ജാഗ്രതയിലായിരുന്നു ദക്ഷിണാഫ്രിക്ക. നനുത്ത ട്രാക്കില്‍ ഹാഷിം അംലയും ഐദന്‍ മാര്‍ക്ക്‌റാമും കാണിച്ച ജാഗ്രത തന്നെയായിരുന്നു അവരുടെ പതനത്തിന് കാരണവും. സ്‌ക്കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ ഠാക്കൂറിന് ആദ്യ വിക്കറ്റ് നല്‍കി അംല മടങ്ങി. അഞ്ചാം ഏകദിനത്തില്‍ ഓപ്പണറായി വന്ന തകര്‍പ്പന്‍ പ്രകടനം നടത്തിയ അംല ധോണിക്ക്് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. 43 ല്‍ നായകനും മടങ്ങിയതോടെ സമ്മര്‍ദ്ദമായി. മൂന്നാം വിക്കറ്റില്‍ പക്ഷേ അനുഭവ സമ്പന്നനായ എബി ഡി വില്ലിയേഴ്‌സും സോന്‍ഡോയും പൊരുതി നിന്നു. ഈ കൂട്ടുകെട്ടാണ് സ്‌ക്കോര്‍ 100 കടത്തിയത്.
പരമ്പരയിലെ ആദ്യ മൂന്ന് മല്‍സരങ്ങള്‍ പരുക്കില്‍ നഷ്ടമായ എബിക്ക് ഇന്നലെയും പൊരുതിനില്‍ക്കാന്‍ കഴിഞ്ഞില്ല. 34 പന്തില്‍ 30 റണ്‍സുമായി അദ്ദേഹവും പുറത്തായി. ചാഹലിന്റെ ഓഫ് സ്പിന്നായിരുന്നു എബിക്ക് തടസ്സമായത്. വിക്കറ്റ് കീപ്പര്‍ ക്ലാസന്‍ പൊരുതി നിന്ന് സോന്‍ഡോക്ക് പിന്തുണ നല്‍കി. ജസ്പ്രീത് ബുംറയുടെ രണ്ടാം വരവില്‍ പക്ഷേ ക്ലാസനും മടങ്ങി. അതിനിടെ സോന്‍ഡോ അര്‍ധശതകം പൂര്‍്ത്തിയാക്കിയത് മാത്രമാണ് ഗ്യാലറിയില്‍ ചലനമുണ്ടാക്കിയത്. വാലറ്റത്തില്‍ ഫെലുക്‌വായോ രണ്ട് സിക്‌സറും രണ്ട് ബൗണ്ടറിയും പായിച്ച് ക്ഷണവേഗതയില്‍ 34 റണ്‍സ് നേടിയതാണ് സ്‌ക്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. ഇന്ത്യ ബാറ്റ് ചെയ്തപ്പോള്‍ രോഹിത് (18), ധവാന്‍ (15) എന്നിവര്‍ വേഗം മടങ്ങിയെങ്കിലും കോലി അസാധാരണ ഫോമിലായിരുന്നു. സെഞ്ച്വറികള്‍ വിനോദമാക്കിയ നായകന്‍ എളുപ്പത്തില്‍ മൂന്നക്കത്തിലെത്തി.കോലിയാണ് കളിയിലെ കേമന്‍. പരമ്പരയിലെ കേമനും. ഇനി ഇന്ത്യക്ക് മൂന്ന് മല്‍സര ടി-20 പരമ്പര കളിക്കാനുണ്ട്. 18 നാണ് ആദ്യ മല്‍സരം