ധരംശാല: ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മഴ കാരണം ഉപേക്ഷിച്ചു. മത്സരത്തില്‍ ടോസ് ഇടാന്‍ പോലും സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരമായിരുന്നു ധരംശാലയിലേത്. രണ്ടാം മത്സരം 18ന് മൊഹാലിയില്‍ നടക്കും. കഴിഞ്ഞ ദിവസങ്ങളായി ധരംശാലയില്‍ മഴയുണ്ടായിരുന്നു. ഇന്നലെ ഇരുടീമുകളും പരിശീലനം നടത്തിയിരുന്നു. എന്നാല്‍ ഇടക്കിടെ പെയ്ത മഴ വില്ലനായി. ഇതുകാരണം ഔട്ട്ഫീല്‍ഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനും ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് കഴിഞ്ഞിരുന്നില്ല.
മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യത്തേതാണ് ധരംശാലയില്‍ നടക്കുന്നത്. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായി മികച്ച ടീമൊരുക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ സീനിയര്‍ പേസര്‍മാര്‍ക്ക് ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഖലീല്‍ അഹമ്മദ്, നവ്ദീപ് സൈനി, ദീപക് ചാഹര്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍.
സ്പിന്‍ വകുപ്പില്‍ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടില്ല. രാഹുല്‍ ചാഹര്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവരാണ് സ്പിന്‍ കൈകാര്യം ചെയ്യുക. ടി20 പരമ്പരക്ക് പിന്നാലെ മൂന്ന് ടെസ്റ്റുകളും നടക്കുന്നുണ്ട്.