തിരുവനന്തപുരം: ഈ മാസം 28ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന്റെ ടിക്കറ്റുകള്‍ ഈ മാസം നാളെ മുതല്‍ ലഭ്യമാവും. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പനയാണ് 19 മുതല്‍ ആരംഭിക്കുക. പേടിഎം ഇന്‍സൈഡറില്‍ ടിക്കറ്റുകള്‍ ലഭ്യമാവും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം തിരുവനന്തപുരത്ത് നടക്കുന്നത്.
2019 ഡിസംബര്‍ എട്ടിനാണ് കാര്യവട്ടം സ്‌റ്റേഡിയത്തില്‍ അവസാന രാജ്യാന്തര മത്സരം നടന്നത്. ഗാലറിയുടെയും ഫ്‌ളഡ്‌ലൈറ്റ് സംവിധാനത്തിന്റെയും അറ്റകുറ്റപ്പണികള്‍ അവസാനഘട്ടത്തിലാണ്. മത്സരത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ അജിത് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍ നടത്തിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സജന്‍.കെ.വര്‍ഗീസ്, സെക്രട്ടറി അഡ്വ: ശ്രീജിത്ത് വി നായര്‍, ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോര്‍ജ്, ടി20 മത്സരത്തിന്റെ ജനറല്‍ കണ്‍വീനര്‍ വിനോദ്.എസ്.കുമാര്‍ തുടങ്ങിയവര്‍ പൊലീസ് സംഘത്തിനൊപ്പമുണ്ടായിരുന്നു. ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്നും മത്സരത്തിനു മുന്‍പ് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാകുമെന്നും കെ.സി.എ ഭാരവാഹികള്‍ പറഞ്ഞു.