X

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് ആദ്യ ഏകദിന പരമ്പര

പോര്‍ട്ട് എലിസബത്ത്: ഇന്ത്യ ചരിത്രമെഴുതി. അഞ്ചാം ഏകദിനത്തില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ദക്ഷിണാഫ്രിക്കക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 274 റണ്‍സ് നേടിയപ്പോല്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചെറുത്തുനില്‍ക്കാന്‍ ഹാഷിം അംല മാത്രമേ ഉണ്ടായിരുന്നുള്ളു. 73 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. 201 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായി.

ഗംഭീര തുടക്കം ലഭിച്ചിട്ടും ലുങ്കി എന്‍ഗിടിക്ക് നാല് വിക്കറ്റ് സമ്മാനിച്ച ഇന്ത്യന്‍ മധ്യനിര അവസാനത്തില്‍ നിരാശപ്പെടുത്തിയിരുന്നു. ഏഴ് വിക്കറ്റിന് 274 റണ്‍സായിരുന്നു ഇന്ത്യന്‍ സമ്പാദ്യം. തട്ടുതകര്‍പ്പന്‍ ഷോട്ടുകളുമായി കളം വാഴേണ്ട അവസാന പത്ത് ഓവറില്‍ ഇന്ത്യ നേടിയത് 55 റണ്‍സായിരുന്നു. 115 റണ്‍സുമായി പരമ്പരയില്‍ ഇതാദ്യമായി ബാറ്റിംഗ് അറിയാമെന്ന് തെളിയിച്ച രോഹിത് ശര്‍മയായിരുന്നു ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ കാതല്‍. പക്ഷേ സെഞ്ച്വറി പ്രകടനത്തിനിടെ രണ്ട് പേരേ റണ്ണൗട്ടാക്കുന്നതിലും രോഹിത് മികവ് കാട്ടി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന നായകന്‍ വിരാത് കോലി 36 ല്‍ നില്‍ക്കുമ്പോള്‍ കോലിയുടെ വിളി രോഹിത് കേട്ടില്ല. അജിങ്ക്യ രഹാനെയും രോഹിതിന്റെ ആലസ്യത്തില്‍ പുറത്തായി. ഉറച്ച സിംഗിള്‍ നേടാന്‍ അവസരമുണ്ടായിട്ടും രോഹിത് ആദ്യം റണ്‍ വിളിച്ച് പിന്നെ പിന്മാറി. രഹാനെ തിരിച്ച് ക്രീസിലെത്തുമ്പേഴേക്കും വിക്കറ്റ് തെറിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടായിരുന്നില്ല. ശിഖര്‍ ധവാനും രോഹിതും തന്നെ തുടങ്ങി.

48 റണ്‍സ് സ്‌ക്കോര്‍ബോര്‍ഡിലുള്ളപ്പോള്‍ കൂറ്റനടിക്കുള്ള ശ്രമത്തില്‍ ധവാന്‍ ഫെലുകാവായോക്ക് പിടികൊടുത്തു. റബാദയായിരുന്നു ബൗളര്‍. രോഹിതും കോലിയും തമ്മിലുള്ള സഖ്യം അതിവേഗത്തില്‍ റണ്‍സ് നേടി. 153 വരെയെത്തി ഈ സഖ്യം. രോഹിത് നല്ല ഫോമിലായിരുന്നു. ആദ്യ നാല് മല്‍സരങ്ങളിലെയും ദയനീയത മറന്ന് ഉഗ്രന്‍ ഷോട്ടുകളുമായി അദ്ദേഹം ബാറ്റിംഗ് സ്‌കില്‍ തെളിയിച്ചു. പക്ഷോ കോലിയുടെ റണ്ണൗട്ടും തുടര്‍ന്ന് രഹാനെ പുറത്തായതും രോഹിതിനെ ബാധിച്ചു. റണ്‍നിരക്ക് കുറഞ്ഞു. ശ്രേയാസ് അയ്യര്‍ക്കൊപ്പം സെഞ്ച്വറി നേടിയ ശേഷം സ്‌ക്കോറിംഗ് ഉയര്‍ത്താനുളള സമയത്ത് മുംബൈക്കാരന്‍ പുറത്തായി. എന്‍ഗിടിയുടെ രണ്ടാം വരവിലെ ആദ്യ വിക്കറ്റായിരുന്നു ഇത്. 115 റണ്‍സാണ് രോഹിത് നേടിയത്. അടുത്ത പന്തില്‍ പൂജ്യനായി ഹാര്‍ദിക് പാണ്ഡ്യയും മടങ്ങിയപ്പോള്‍ എന്‍ഗിടി ഹാട്രിക് വക്കത്തായി. പക്ഷേ ധോണി പിടികൊടുത്തില്ല. കരുത്ത് തെളിയിക്കാനും ടീമിലെ സ്ഥാനം ഉറപ്പിക്കാനും അവസരമുണ്ടായിരുന്ന അയ്യര്‍ പിറകെ 30 റണ്‍സുമായി മടങ്ങി. ധോണിക്കും പന്തിനെ പറത്താനായില്ല. 19 റണ്‍സ് നേടിയ ഭൂവനേശ്വര്‍ കുമാര്‍ മാത്രമായിരുന്നു അവസാനമുണ്ടായിരുന്നത്. എന്‍ഗിടി 51 റണ്‍സിനാണ് നാല് വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിംഗില്‍ നല്ല തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കക്ക്. നായകന്‍ ഐദന്‍ മാര്‍ക്ക് റാമും ഹാഷിം അംലയും ആക്രമണത്തിന് മുതിരാതെ പതുക്കെയാണ് തുടങ്ങിയത്. ഓപ്പണിംഗ് സഖ്യം 52 റണ്‍സ് വരെ പോയി. ജസ്പ്രീത് ബുംറയുടെ വേഗതയില്‍ കോലിക്ക് ക്യാച്ച് നല്‍കി നായകന്‍ മടങ്ങിയതോടെ ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചുവന്നു. അപകടകാരികളായ ജെ.പി ഡുമിനിയെയും എബി ഡി വില്ലിയേഴ്‌സിനെയും ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. നാലാം ഏകദിനത്തില്‍ അടിച്ചുതകര്‍ത്ത ഡേവിഡ് മില്ലര്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറും പായിച്ചു. യൂസവേന്ദ്ര ചാഹലിനെ പക്ഷേ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ട് പുറത്തായി. തുടര്‍ന്നാണ് അംലയും വിക്കറ്റ് കീപ്പറും ക്ലാസനും ഒരുമിച്ചത്. ഇരുവരും സ്‌ക്കോര്‍ ഉയര്‍ത്തി. പരമ്പരയില്‍ ആദ്യമായി അംല അര്‍ധശതകം പിന്നിട്ടു. പിറകെ അദ്ദേഹം ഹാര്‍ദിക്കിന്റെ സൂപ്പര്‍ ത്രോയി റണ്ണൗട്ടായി.

chandrika: