X

വീണ്ടും ക്രിക്കറ്റ് പൂരം; ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ പോരാട്ടം ഇന്ന്

തിരുവനന്തപുരം: അഞ്ച് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുമടങ്ങുന്ന ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ ക്രിക്കറ്റ് പരമ്പരയിലെ ആദ്യപോരാട്ടത്തിന് തലസ്ഥാനത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് തുടക്കം. ഇന്ത്യന്‍ സീനിയര്‍ ടീമിലേക്ക് വിളി കാത്ത് നില്‍ക്കുന്ന ഒരുപിടി താരങ്ങള്‍ക്കൊപ്പം സീനിയര്‍ ടീമിലേക്കുള്ള മടങ്ങി വരവിന് അവകാശമുന്നയിക്കുന്നവരും അണിനിരക്കുന്ന മത്സരം പൊടിപാറുമെന്നുറപ്പ്.
സീനിയര്‍ ടീമിലെ പലരും ഇരുടീമുകളിലും അണിനിരക്കുന്നതിനാല്‍ ഹൈക്ലാസ് മത്സരത്തിനു തന്നെയാകും ഗ്രീന്‍ഫീല്‍ഡ് വേദിയാവുക. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ പരമ്പര, ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കുള്ള വാതിലാണെന്ന് ഇന്ത്യ എ ടീം ക്യാപ്റ്റന്‍ മനീഷ് പാണ്ഡേ വ്യക്തമാക്കിയത്, താരങ്ങളുടെ പ്രകടനത്തില്‍ പ്രതിഫലിക്കുമെന്നുറപ്പ്.
രാവിലെ ഒമ്പതിന് തുടങ്ങുന്ന മത്സരം കാണുന്നതിനായി സ്പോര്‍ട്ട്സ് ഹബ്ബിലേക്ക് പ്രവേശനം സൗജന്യമാണ്. രാലിലെ 8.30 മുതല്‍ നാലാം നമ്പര്‍ ഗേറ്റ് വഴി കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ഏകദിന പരമ്പരയുടെ ട്രോഫി മത്സരത്തിന് മുന്നോടിയായി നടക്കുന്ന ചടങ്ങില്‍ വെച്ച് പുറത്തിറക്കും. മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്ട്സ് തത്സമയം സംപ്രേക്ഷണം ചെയ്യും. ഹോട്ട്സ്റ്റാറിലൂടെ ലൈവ് സ്ട്രീമിങ്ങുമുണ്ട്.
മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളും ഇന്നലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. ഇന്ത്യന്‍ ടീം രാവിലെയും ദക്ഷിണാഫ്രിക്കന്‍ ടീം ഉച്ചയ്ക്കുമാണ് പരീശീലനം നടത്തിയത്.
പരമ്പരയിലെ രണ്ടാമത്തെ ഏകദിന മത്സരം 31നും മൂന്നാമത്തെ മത്സരം സെപ്റ്റംബര്‍ രണ്ടിനും നാലാം മത്സരം സെപ്റ്റംബര്‍ നാലിനും അഞ്ചാം മത്സരം സെപ്റ്റംബര്‍ ആറിനും നടക്കും. സെപ്റ്റംബര്‍ നാലിനും ആറിനും നടക്കുന്ന നാലാമത്തെയും അഞ്ചാമത്തെയും ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു സാസംസണ്‍ കളിക്കും.

ഗില്ലാണ് താരം
ഇന്ന് കാര്യവട്ടം സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന പരമ്പരയില്‍ യുവ താരം ഷുബ്മാന്‍ ഗില്ലാണ് താരം. അടുത്തിടെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് ഗില്‍. ഇന്ത്യ എ ടീമിന്റെ കരീബിയന്‍ പര്യടനത്തില്‍ തിളങ്ങിയെങ്കിലും വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുന്ന സീനിയര്‍ ടീമിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സാധ്യത കല്‍പ്പിച്ചിരുന്നെങ്കിലും പുറത്താവുകയായിരുന്നു. അതുകൊണ്ട് തന്നെ ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ച് സീനിയര്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാനായിരിക്കും ഗില്ലിന്റെ ശ്രമം. ലോക കപ്പിന് മുമ്പ് ന്യൂസിലന്‍ഡില്‍ നടന്ന രണ്ട് ഏകദിനങ്ങളില്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റവും കുറിച്ചിട്ടുണ്ട്.
ഒപ്പം ശങ്കറും
ലോകകപ്പില്‍ മങ്ങിയ ഫോം കാരണം ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായ ഔള്‍ റൗണ്ടറാണ് വിജയ് ശങ്കര്‍. ലോകകപ്പ് ടീമില്‍ നാലാം നമ്പറില്‍ ഇറങ്ങാന്‍ ഇന്ത്യ കണ്ടെത്തിയ താരം ടൂര്‍ണമെന്റില്‍ നിരാശപ്പെടുത്തി. ടൂര്‍ണമെന്റ് പുര്‍ത്തിയാക്കുന്നതിന് മുമ്പ് പരിക്ക് കാരണം ടീമില്‍ നിന്ന് പുറത്തായി. ലോകകപ്പിന് ശേഷമുള്ള ആദ്യ പരമ്പരക്കുള്ള ടീമില്‍ നിന്നും പുറത്തായ താരം സീനിയര്‍ ടീമിലേക്ക് തിരിച്ചെത്താം എന്ന പ്രതീക്ഷയിലാണ് കാര്യവട്ടത്ത് ഇറങ്ങുന്നത്.
സൂപ്പര്‍ താരങ്ങള്‍
പേരില്‍ എ ടീമാണെങ്കിലും കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ കളിക്കാനിറങ്ങുന്ന ടീമില്‍ സീനിയര്‍ ടീമില്‍ കളിക്കുന്ന താരങ്ങളുണ്ട്. ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ, ഷുബ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, യുശ്വേന്ദ്ര ചഹാല്‍, ക്രുനാല്‍ പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ സീനിയര്‍ ടീമിന് വേണ്ടി അണിനിരന്നവരാണ്. അതില്‍ ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, യുശ്വേന്ദ്ര ചഹാല്‍ എന്നിവര്‍ നിലവില്‍ ഏകദിന ടീമിലും ക്രുനാല്‍ പാണ്ഡ്യ ടി20 ടീമിലും കളിക്കുന്നവരാണ്. ദക്ഷിണാഫ്രിക്കന്‍ ടീമിലും സ്ഥിതി മറിച്ചല്ല. സീനിയര്‍ ടീം അംഗമായ തെംബ ബാവുമയാണ് ടീം ക്യാപ്റ്റന്‍. തെംബാക്ക് പുറമെ എയ്ഡന്‍ മര്‍ക്രാം, ലുന്‍ഗി എന്‍ഗിഡി, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, റീസ ഹെന്‍ഡ്രിക്‌സ്, ഹെന്റിച്ച് ക്ലാസന്‍ എന്നിവരും ടീമിനൊപ്പമുണ്ട്.
ക്യാപ്റ്റന്‍മാര്‍
ഇന്ന് ആരംഭിക്കുന്ന ഏകദിന മത്സരത്തില്‍ ആദ്യ 3 മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത് മനീഷ് പാണ്ഡെയാണ്. അവസാനത്തെ 2 മല്‍സരങ്ങള്‍ക്കുള്ള ടീമിനെ ശ്രേയസ് അയ്യരാണു നയിക്കുക. ശ്രേയസ് വെസ്റ്റ് ഇന്‍ഡീസ് പരമ്പരക്കുള്ള ഇന്ത്യന്‍ സീനിയര്‍ ടീമിലെ അംഗമായിരുന്നു. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചെടുക്കുകയും ചെയ്തു. ദക്ഷണാഫ്രിക്കന്‍ എ ടീമിനെ സീനിയര്‍ ടീമംഗങ്ങളായ തെംബ ബാവുമ നയിക്കും.

web desk 1: