X

മോദി പറഞ്ഞതും ജനത്തിന് കിട്ടിയതും; 10 കോടി തൊഴില്‍ എവിടെ ?

എ.പി ഇസ്മായില്‍
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാജ്യത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്നത്. പ്രതിവര്‍ഷം 20 മില്യണ്‍ (രണ്ടു കോടി) തൊഴില്‍ അവസരങ്ങള്‍ എന്നായിരുന്നു ആ വാഗ്ദാനം. എന്നാല്‍ അഞ്ചു വര്‍ഷത്തെ മോദി ഭരണത്തിന് കൊടിയിറങ്ങുമ്പോള്‍ ഒരു വര്‍ഷം രണ്ടു ലക്ഷംപേര്‍ക്കു പോലും തൊഴില്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞില്ലെന്ന യാഥാര്‍ത്ഥ്യമാണ് പുറത്തു വരുന്നത്. വെറുമൊരു ഊഹക്കണക്കല്ല ഇത്, കേന്ദ്ര സര്‍ക്കാറിനു കീഴില്‍ തന്നെയുള്ള ഏജന്‍സിയായ ലേബര്‍ ബ്യൂറോ പുറത്തിറക്കിയ റിപ്പോര്‍ട്ടാണ്.

ലേബര്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം മോദി ഭരണത്തിലെ തൊഴില്‍ അവസരങ്ങളുടെ കണക്ക് ഇങ്ങനെയാണ്. 2014-15ല്‍ 1.55 ലക്ഷം. 2015-16ല്‍ 2.31 ലക്ഷം. 2016-17 വര്‍ഷത്തിലോ അതിനു ശേഷമോ സൃഷ്ടിക്കപ്പെട്ട തൊഴില്‍ അവസരങ്ങളുടെ കണക്ക് പുറത്തുവിടാനുള്ള ധൈര്യം പോലും മോദി സര്‍ക്കാറിനുണ്ടായില്ല, ഇന്നു വരെയും. നെഗറ്റീവ് വളര്‍ച്ചയായിരുന്നു തൊഴില്‍ മേഖലയില്‍ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതുകൊണ്ടുതന്നെയാണ് ഇതുസംബന്ധിച്ച രേഖകള്‍ മോദി സര്‍ക്കാര്‍ പൂഴ്ത്തിയതും.
സര്‍ക്കാര്‍ മേഖലയില്‍ മാത്രമല്ല. നോട്ടുനിരോധനവും ജി.എസ്.ടിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെറിഞ്ഞപ്പോള്‍ സ്വകാര്യ മേഖലയിലും ചെറുകിട, ഇടത്തരം വ്യവസായ മേഖലകളിലും പതിനായിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. രണ്ടു പതിറ്റാണ്ടായി ആയിരക്കണക്കിന് യുവാക്കള്‍ക്ക് പുതിയ തൊഴില്‍ അവസരങ്ങള്‍ തുറന്നിട്ടുകൊണ്ടിരുന്ന ഐ.ടി മേഖലയില്‍ അഞ്ചുവര്‍ഷത്തെ മോദി ഭരണത്തില്‍ നഷ്ടമായത് മൂന്നു മൂന്നു ലക്ഷം മുതല്‍ ആറു ലക്ഷം വരെ തൊഴില്‍ അവസരങ്ങളാണെന്നാണ് കണക്ക്. ഐ.ടി മേഖലയിലെ തളര്‍ച്ച ടെലികോം രംഗത്തും പ്രകടമായി. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ടെലികോം മേഖലയില്‍ 40,000 തൊഴില്‍ അവസരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ്.

ബീഫിന്റെ പേരിലുള്ള ആള്‍കൂട്ട കൊലകള്‍ വൈകാരിക വിഷയമായി മാത്രമാണ് ചര്‍ച്ചയില്‍ നിറഞ്ഞത്. രാജ്യത്തിന്റെ സാമ്പത്തിക നിലയെ ഇത് എങ്ങനെ ബാധിച്ചുവെന്ന് ചര്‍ച്ചചെയ്യപ്പെട്ടില്ല. ബീഫ് കയറ്റുമതിയെ ആശ്രയിക്കുന്ന പ്രോസസ്ഡ് ഫുഡ് ഇന്‍ഡസ്ട്രി മേഖലയില്‍ ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതായി. കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ ഷുഗര്‍ മില്ലുകള്‍ ഉള്‍പ്പെടെ അനുബന്ധ വ്യവസായങ്ങള്‍ ചിത്രങ്ങളില്‍ തെളിഞ്ഞില്ല. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ഈ മേഖലയിലും നഷ്ടമായി. ആരോഗ്യ മേഖലയിലും തിരിച്ചടിയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 8000 പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനികള്‍ രാജ്യത്ത് പൂട്ടിപ്പോയി. ഈ മേഖലയിലുണ്ടായ തൊഴില്‍ നഷ്ടത്തിന്റെ കണക്ക് ഇതില്‍നിന്ന് ഊഹിക്കാം.

ഖനി മേഖലയില്‍ 30 ശതമാനം തൊഴില്‍ അവസരങ്ങള്‍ കുറഞ്ഞു. റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ തളര്‍ച്ച പ്രത്യക്ഷമായും പരോക്ഷമായും ദശലക്ഷം തൊഴില്‍ അവസരങ്ങളാണ് ഇല്ലാതാക്കിയത്. ആഭരണ നിര്‍മാണം (35 ലക്ഷം), ടെക്‌സ്റ്റയില്‍സ്(18 ശതമാനം), സിമന്റ് (എല്‍ആന്റ്ടിയില്‍ 14,000, ടര്‍ബോയില്‍ 14,000), ഇരുമ്പയിര്‍ ഖനനം (10 ലക്ഷം), ചെമ്പ് അയിര്‍ (15000), പ്ലാസ്റ്റിക് (25000ത്തിലധികം) ഇങ്ങനെ പോകുന്നു വിവിധ മേഖലകളിലെ തൊഴില്‍ നഷ്ടങ്ങളുടെ കണക്ക്. രാജ്യത്തൊട്ടാകെ 600 എഞ്ചിനീയറിങ് കോളജുകളാണ് മോദി ഭരണത്തിലെ ആദ്യ മൂന്നു വര്‍ഷം അടച്ചുപൂട്ടിയത്. 20000 തൊഴില്‍ അവസരങ്ങള്‍ നേരിട്ട് നഷ്ടമായി.

വാഗ്ദാനങ്ങള്‍ ചെയ്ത തൊഴില്‍ എവിടെയന്ന് ചോദ്യമുയര്‍ന്നപ്പോഴൊക്കെ രാജ്യത്തെ തൊഴിലന്വേഷകരായ യുവാക്കളെ പരിഹസിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷായും ചെയ്തത്. രാജ്യത്തെ 125 കോടി പേര്‍ക്കും തൊഴില്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.

chandrika: