ജക്കാര്‍ത്ത: പതിനെട്ടാമത് ഏഷ്യന്‍ ഗെയിംസിന്റെ എട്ടാം ദിനത്തില്‍ ഇന്ത്യക്ക് ഇരട്ട വെള്ളി മെഡല്‍. അശ്വാഭ്യാസത്തില്‍ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലുമാണ് ഇന്ത്യ വെള്ളി നേടിയത്. ഫൗവാദ് മിര്‍സയാണ് വ്യക്തിഗത ഇനത്തില്‍ വെള്ളി നേടിയത്. 1982-ന് ശേഷം ആദ്യമായാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ വ്യക്തിഗത മെഡല്‍ നേടുന്നത്.
ജപ്പാന്റെ ഒയ്‌വ യോഷിയാക്കിക്കാണ് സ്വര്‍ണം നേടിയത്. ചൈനയുടെ ഹുവ ടിയാന്‍ അലെക്‌സ് വെങ്കലവും നേടി. ഇതോടെ ഏഴ് സ്വര്‍ണവും ഏഴ് വെള്ളിയും 17 വെങ്കലവുമടക്കം ഇന്ത്യയുടെ മെഡല്‍ നേട്ടം 31 ആയി. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് ഇന്ത്യ. ടീം ഇനത്തില്‍ മിര്‍സക്കൊപ്പം രാകേഷ് കുമാര്‍, ആഷിഷ് മാലിക്ക്, ജിതേന്ദര്‍ സിങ് എന്നിവരടങ്ങിയ ടീമാണ് വെള്ളി നേടിയത്.
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ചരിത്രമെഴുതി വനിതാ സിംഗിള്‍സില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ സെമിയില്‍. തായ്‌ലന്‍ഡിന്റെ ലോക നാലാം നമ്പര്‍ താരം റാഞ്ചനോക്ക് ഇന്തനോണിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൈന സെമിയില്‍ കടന്നത്. സ്‌കോര്‍: 21-18, 21-16
വിജയത്തോടെ സൈന ഒരു മെഡല്‍ ഉറപ്പാക്കി. ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ചൈനീസ് തായെപെയിയുടെ തായ് സൂയിങ്ങാണ് സെമിയില്‍ സൈനയുടെ എതിരാളി.