ന്യൂഡല്‍ഹി: നോട്ടു നിരോധനം നടപ്പാക്കിയതിനു പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയും രംഗത്ത്. ന്യൂഡല്‍ഹിയില്‍ സംയുക്ത വാര്‍ത്താസമ്മേളനത്തിനിടെയാണ് ഇരുവരും മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ചത്. സ്വാതന്ത്ര്യം നേടിയതിനു ശേഷം രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ അഴിമതിയാണ് നോട്ടുനിരോധനമെന്ന് മമതാ ബാനര്‍ജി ആരോപിച്ചു. അച്ഛാദിന്‍ എന്ന പേരില്‍ മോദി സര്‍ക്കാര്‍ കര്‍ഷകരെയും പാവപ്പെട്ടവരെയും കൊള്ളയടിച്ചിരിക്കുകയാണ്. മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. രാജ്യത്തെ ഫെഡറല്‍ ഘടന തന്നെ പൂര്‍ണമായും നശിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക വ്യവസ്ഥിതിയെ ഒന്നാകെ തകര്‍ക്കുന്ന വമ്പന്‍ അഴിമതിയാണ് മോദിയുടെ നേതൃത്വത്തില്‍ നോട്ടു നിരോധനത്തിന്റെ പേരിലുണ്ടായിരിക്കുന്നത്. ഇത് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ അടിയന്തരാവസ്ഥയാണെന്നും മമത ബാനര്‍ജി പറഞ്ഞു. അതേസമയം നോട്ടു നിരോധനത്തിന്റെ ലക്ഷ്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി തയാറാവണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. സാധാരണക്കാരെ നോട്ടുനിരോധനം തുടര്‍ന്നും വേട്ടയാടുമെന്ന് വിമര്‍ശിച്ച രാഹുല്‍, ദുരിതബാധിതരായ ജനങ്ങള്‍ക്കു വേണ്ടി സര്‍ക്കാര്‍ എന്തു ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
- 8 years ago
chandrika