ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധ 29 ലക്ഷം പിന്നിട്ടു അതിരൂക്ഷമായി തുടരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി 68,898 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 29,05,824 ആയി. 24 മണിക്കൂറിനിടെ 983 മരണംകൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണം 54,849 ആയും വര്‍ധിച്ചു. 1.90 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
രാജ്യത്തെ വിവിധ ആശുപത്രികളിലായി 6,92,028 രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. 21,58,947 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. 73.91 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഐ.സി.എം.ആര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,34,67,237 സാംപിളുകള്‍ ഇതുവരെ പരിശോധിച്ചു. വ്യാഴാഴ്ച മാത്രം 8,05,985 സാംപിളുകള്‍ പരിശോധിച്ചു.
രോഗവ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്രയില്‍ 14,492 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 12,243 പേര്‍ രോഗമുക്തി നേടി. 326 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതുവരെ 6,43,289 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4,59,124 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 1,62,491 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 21,359 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് മൂലം ജീവന്‍ നഷ്ടമായത്.
തമിഴ്നാട്ടില്‍ രോഗബാധിതര്‍ 3,61,435 ആയി. ആന്ധ്രയില്‍ 3.25 ലക്ഷം പേര്‍ക്കും കര്‍ണാടകയില്‍ 2.56 ലക്ഷം പേര്‍ക്കും ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.