X

ഹജ്ജ് തീര്‍ഥാടനത്തിനുള്ള വിമാനക്കൂലിയില്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഹജ്ജിന് പോകാനുള്ള വിമാനക്കൂലിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇളവ്. ഹജ്ജ് സബ്‌സിഡി അവസാനിപ്പിച്ചതിന് പിന്നാലെയാണ് ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് വിമാനകൂലിയില്‍ ഇളവു നല്‍കുമെന്ന കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക താല്‍പര്യപ്രകാരമാണ് ഇതൊന്നും സുപ്രധാന നഖ്വി വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളില്‍ മുംബൈയില്‍ നിന്ന് 98,750 രൂപയായിരുന്നു ഹജ്ജ് വിമാനക്കൂലിയെങ്കില്‍ അത് ഇത്തവണ 57,857 രൂപയായി കുറയും. ഏകദേശം 41000 രൂപ്ക്കടുത്ത് വിമാനക്കൂലിയില്‍ കുറവുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നഖ്വി പറഞ്ഞു.

അതേസമയം വിമാനക്കൂലി കുറച്ചെങ്കിലും അത് വിമാന കമ്പനികള്‍ ഈടാക്കുന്ന നിരക്കിന് ആനുപാതികമായിരിക്കും. എയര്‍ ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, സൗദിയിലെ മറ്റൊരു വിമാന കമ്പനിയായ ഫ്‌ലൈനാസ് തുടങ്ങിയവ്ക്കാണ് നിരക്ക് കുറച്ചത്. ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന് ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇത്തവണ ഇന്ത്യയില്‍നിന്ന് ഹജ്ജ് തീര്‍ഥാടനത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 1.75 ലക്ഷം ആളുകളാണ്.

കഴിഞ്ഞ മാസമാണ് ഹജ്ജ് തീര്‍ഥാടനത്തിന് നല്‍കിവന്നിരുന്ന സബ്‌സിഡി കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. 2012 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹജ്ജ് യാത്രികര്‍ക്ക് ആശ്വാസമുണ്ടാകുന്ന നീക്കം കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്.

chandrika: