അപകടസാധ്യതയുള്ള ചെറു ബോട്ടുകളിലായി ഇംഗ്ലീഷ് ചാനല്‍ വഴി യു.കെയിലേക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യയെന്ന് യു.കെ ഹോം ഓഫീസ്. 675 ഇന്ത്യക്കാര്‍ ജനുവരിക്കും മാര്‍ച്ചിനുമിടയിലായി ചെറിയ ബോട്ടുകളില്‍ യു.കെയിലേക്ക് പ്രവേശിച്ചതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട്് ചെയ്യുന്നത്.
അതേസമയം, കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന അല്‍ബേനിയക്കാരുടെ എണ്ണത്തില്‍ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തില്‍ 1100 അല്‍ബേനിയക്കാരായിരുന്നു യു.കെയിലേക്ക് കുടിയേറിയത്. അത് ഇത്തവണ 29 ആയി കുറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തേക്ക് പ്രവേശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതും റിപ്പോര്‍ട്ടില്‍ പറയുന്നു. വിസ പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനും നിയമവിരുദ്ധമായി ജോലി ചെയ്യുന്നതിനുമായാണ് ഇത്തരത്തില്‍ ഇന്ത്യക്കാര്‍ എത്തുന്നതെന്നാണ് ഹോം ഓഫീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ മാസങ്ങളിലായി യു.കെയിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുതലാണ്. യു.കെയിലേക്ക് എത്താന്‍ സഹായിക്കുന്ന കള്ളക്കടത്തുകാര്‍ക്ക് ഇവര്‍ അമിതമായി ഫീസ് നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്. കുടിയേറ്റക്കാരില്‍ കൂടുതലും പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളതാണെന്ന് റിപ്പോര്‍ട്ട്.