ഐക്യരാഷ്ട്രസഭയില്‍ ഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തി ഇന്ത്യ. തീവ്രവാദം അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുകയാണ്. മുംബൈ ഭീകരാക്രമണത്തില്‍ 26 വിദേശ പൗരന്മാര്‍ ഉള്‍പ്പെടെ 166 പേരാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണങ്ങള്‍ക്ക് തടയിടാനുള്ള ശ്രമങ്ങള്‍ രാഷ്ട്രീയ കാരണങ്ങളാല്‍ തടയിടുകയാണെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി രുചിര കാംബോജ് പറഞ്ഞു. പാകിസ്ഥാന്‍ ഭീകരരെയും അവരുടെ സ്ഥാപനങ്ങളെയും ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും യുഎസിന്റെയും ശ്രമങ്ങള്‍ ചൈന ആവര്‍ത്തിച്ച് തടയുന്ന പശ്ചാത്തലത്തിലാണ് രുചിരയുടെ പ്രസ്താവന.
ഉത്തരവാദികളെ സ്വതന്ത്രമായി വിഹരിക്കാനും രാജ്യത്തിനെതിരെ കൂടുതല്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്താന്‍ അനുവദിച്ചുവെന്നും രുചിര കൂട്ടിച്ചേര്‍ത്തു. പാക് ഭീകരരായ ഹാഫിസ് തല്‍ഹ സയീദ്, ലഷ്‌കറെ തൊയ്ബ നേതാവ് ഷാഹിദ് മെഹ്മൂദ്, ലഷ്‌കറെ തൊയ്ബ ഭീകരന്‍ സാജിദ് മിര്‍, ജെയ്‌ഷെ മുഹമ്മദ് നേതാവ് അബ്ദുള്‍ റൗഫ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ യുഎന്നിന്റെ കരിമ്പട്ടികയില്‍പ്പെടുത്തി ആഗോള ഭീകരരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടേയും യുഎസിന്റേയും നീക്കം ചൈന തടഞ്ഞുവെന്നും രുചിക കാംബോജ് പറഞ്ഞു.
2022 ലെ തീവ്രവാദ വിരുദ്ധ സമിതിയുടെ (സിടിസി) ചെയര്‍മാനെന്ന നിലയില്‍, കമ്മിറ്റിക്ക് അതിന്റെ ചുമതല ഫലപ്രദമായി നിറവേറ്റാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്ന് കാംബോജ് പറഞ്ഞു. കഴിഞ്ഞ മാസം മുംബൈയിലും ന്യൂഡല്‍ഹിയിലും സിടിസിയുടെ പ്രത്യേക യോഗങ്ങള്‍ സംഘടിപ്പിച്ചതിന്റെ ബഹുമതി ഇന്ത്യാ ഗവണ്‍മെന്റിനുണ്ടെന്നും അവര്‍ വ്യക്തമാക്കി.