ദോഹ: ഇന്ത്യ-ഖത്തര്‍ എയര്‍ ബബ്ള്‍ കരാര്‍ ഡിസംബര്‍ 31 വരെ നീട്ടി. ഖത്തറിലെ ഇന്ത്യന്‍ എംബസിയാണ് ഔദ്യോഗിക ട്വിറ്റര്‍ എക്കൗണ്ടിലൂടെ ഇക്കാര്യം അറിയിച്ചത്. എയര്‍ ബബ്ള്‍ കരാര്‍ നീട്ടാന്‍ സഹായിച്ച ഖത്തര്‍ സിവില്‍ എവിയേഷന്‍ അതോറിറ്റിക്ക് എംബസി അധികൃതര്‍ നന്ദി അറിയിച്ചു.
എയര്‍ ബബ്ള്‍ കരാര്‍ പ്രകാരം ഖത്തര്‍ എയര്‍വേസിന്റെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ രാജ്യത്തെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് നടത്തും. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. എയര്‍ ബബ്ള്‍ കരാര്‍ നിലവിലുള്ള രാജ്യങ്ങളില്‍ നിന്ന് മാത്രമാണ് സര്‍വീസുകള്‍ അനുവദിക്കുന്നത്.
ഖത്തര്‍ പൗരന്‍മാര്‍ക്കും ഖത്തര്‍ വിസ കൈവശമുള്ള ഇന്ത്യക്കാര്‍ക്കും മാത്രമാണ് എയര്‍ ബബ്ള്‍ വിമാനങ്ങളില്‍ യാത്ര അനുവദിക്കുകയുള്ളൂ. യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഖത്തറിലേക്ക് ഏതെങ്കിലും തരത്തിലുള്ള യാത്രാവിലക്കില്ല എന്ന് ബോര്‍ഡിങ് പാസ് നല്‍കുന്നതിന് മുമ്പ് ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.