ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എംപി. കോവിഡ് -19 കൈകാര്യം ചെയ്യുന്നതിലും സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിലും മോദി സര്‍ക്കാര്‍ വരുത്തിയ വീഴ്ചകള്‍ക്കെതരേയായാണ് കോണ്‍ഗ്രസ് എംപി ഞായറാഴ്ച ലോക്‌സഭയില്‍ ആഞ്ഞടിച്ചത്.
ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളും ഒന്നുകില്‍ തങ്ങളുടെ സമ്പദ്വ്യവസ്ഥയുടെ കരുതലില്‍ തങ്ങളുടെ രാജ്യത്തെ വൈറസില്‍ നിന്ന് രക്ഷിച്ചെടുത്തു അല്ലെങ്കില്‍ രോഗ വ്യാപനത്തിനിടയിവും സമ്പദ്വ്യവസ്ഥ തകരാതെ സൂക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇരുമേഖലയേയും വളരെ മോശമായാണ് കൈകാര്യം ചെയ്തതെന്ന്, ശശി തരൂര്‍ പറഞ്ഞു.
ഇരു മേഖലകളിലെയും ഏറ്റവും മോശം അവസ്ഥ നമുക്കുണ്ട്. വൈറസിന്റെ വ്യാപനം പരിമിതപ്പെടുത്താനോ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനോ നമ്മള്‍ക്ക് കഴിഞ്ഞിട്ടില്ല. നാല്‍പത്തിയൊന്നു വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ ഇടിവില്‍ ആദ്യമായി ജിഡിപി എത്തി. കോവിഡ് മഹാമാരിയുടെ ഏറ്റവും മോശം അവസ്ഥയുടെ പോസ്റ്റര്‍ കുട്ടി(poster child)യായി ഇന്ത്യ മാറി, ശശി തരൂര്‍ പറഞ്ഞു.
നമ്മുടെ തൊഴില്‍ പ്രതിസന്ധി വീണ്ടും മോശമായിത്തീര്‍ന്നിരിക്കുന്നു. ചെറുകിട, ഇടത്തരം ബിസിനസുകള്‍ തകര്‍ന്നു, വ്യാപാരം തകര്‍ന്നു, മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്ന എല്ലാ സാധ്യതകളും മരിച്ചിരിക്കുന്നു, കോവിഡ് -19 പാന്‍ഡെമിക്കിനെക്കുറിച്ചുള്ള ലോവര്‍ ഹൗസ് ചര്‍ച്ചയില്‍ തരൂര്‍ പറഞ്ഞു.
ഒരു മുന്നറിയിപ്പ് പോലുമില്ലാതെ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ച ലോക്ക്ഡൗണിന് എതിരേയും തരൂര്‍ കടുത്ത വിമര്‍ശനമുയര്‍ത്തി. 21 ദിവസത്തെ ലോക്ക്ഡൗണിന് മുമ്പ് സംസ്ഥാനങ്ങളുമായി ആലോചിച്ചിട്ടില്ലെന്ന് തിരുവനന്തപുരം എംപി പറഞ്ഞു.
‘മിക്ക വ്യക്തികള്‍ക്കും ഏതുവിധേനയും വീട്ടിലെത്താന്‍ സമയമുണ്ടായിരുന്നു ഒരു ഞായറാഴ്ചയെ 17 മണിക്കൂര്‍ ജനത കര്‍ഫ്യൂവിലൂടെ ലോക്ക് ചെയ്യുകയായിരുന്നു.
എന്നാല്‍, രാജ്യത്തിന്മേല്‍ താന്‍ അഴിച്ചുവിട്ട ദുരന്തത്തെ കുറുക്ഷേത്രയോടാണ് പ്രധാനമന്ത്രി തന്റെ നിയോജകമണ്ഡലത്തിലെ പ്രസംഗത്തില്‍ അഭിസംബോധന ചെയ്തത്. മഹാഭാരത വിജയത്തിന് 18 ദിവസം എടുത്തിട്ടുണ്ടെന്നും കോവിഡ് -19 കൈകാര്യം ചെയ്യാന്‍ 21 ദിവസമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ 180 ദിവസം കഴിഞ്ഞു, നമ്മുടെ രാജ്യത്തിലെ കോവിഡ് കണക്ക് ലോകത്ത് തന്നെ ഒന്നാം സ്ഥാനത്തേക്ക് പോകുകയാണ്. ദൈനംദിന കേസുകള്‍ ഒരു ലക്ഷത്തിലെത്തി. മറ്റേതൊരു രാജ്യത്തേക്കാളും രൂക്ഷമായ മാന്ദ്യത്തിലൂടെ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്, ശശി തരൂര്‍ തുറന്നടിച്ചു.
‘മഹാമാരി ഇല്ലെന്ന് ഞങ്ങള്‍ പറയുന്നില്ല, എന്നാല്‍ ഒരു ഒരുക്കവുമില്ലായിരുന്നെന്നാണ് ഞങ്ങള്‍ പറയുന്നത്.’ എന്ന ഹിന്ദി കവിത കൂടി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.