ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സൈനിക കേന്ദ്രങ്ങള്‍ പാകിസ്ഥാന്‍ ആക്രമിച്ചെന്ന വാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യ. വ്യോമസേനയുടെ ഒരു മിഗ് 21 വിമാനം നഷ്ടപ്പെട്ടെന്നും ഒരു പൈലറ്റിനെ കാണാനില്ലെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഒരു ഇന്ത്യന്‍ പൈലറ്രിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്‌തെന്ന് അവര്‍ അവകാശപ്പെട്ടിട്ടുണ്ടെന്നും രവീഷ് കുമാര്‍ പറഞ്ഞു. ഇതിന് പിന്നാലെ പാകിസ്ഥാന്റെ എഫ്16 വിമാനം ഇന്ത്യന്‍ സേന തകര്‍ത്തെന്നും കുടുതല്‍ വിവരങ്ങള്‍ കിട്ടാനുണ്ടെന്നും അതിന് വേണ്ടി കാത്തിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങളോടും പ്രതികരിച്ചില്ല. വ്യോമസേനയുടെ പ്രതിനിധി എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം, അതിര്‍ത്തിയില്‍ യുദ്ധസാഹചര്യം നിലവില്‍ വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ഉന്നതാധികാരികളുടെ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. ദേശിയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാവിലെയാണ് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്ന് പാക് യുദ്ധവിമാനങ്ങള്‍ രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ പ്രവേശിച്ചത്. തൊട്ടുപിന്നാലെ തന്നെ ഇവയെ ഇന്ത്യന്‍ വ്യോമസേന തുരത്തി. വ്യോമാതിര്‍ത്തിയില്‍ പെട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക് വിമാനത്തെ തുരത്തിയത്. പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം നൗഷേറയിലെ ലാം വാലിയില്‍വച്ച് ഇന്ത്യന്‍ സേന വെടിവച്ചിട്ടു. ഇതില്‍നിന്ന് ഒരാള്‍ പാരച്ച്യൂട്ടില്‍ രക്ഷപെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.