X

ഇന്ത്യയും പാകിസ്താനും സംയുക്ത സൈനിക അഭ്യാസത്തിന്

ന്യൂഡല്‍ഹി: അയല്‍രാഷ്ട്രങ്ങളായ ഇന്ത്യയും പാകിസ്താനും ചരിത്രത്തില്‍ ആദ്യമായി സംയുക്ത സൈനിക അഭ്യാസത്തിന് ഒരുങ്ങുന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തിന് കരുത്തു പകരുന്നതിനായി സെപ്തംബറില്‍ റഷ്യയില്‍ നടക്കുന്ന ബഹുരാഷ്ട്ര സൈനിക അഭ്യാസത്തിലാണ് ഇന്ത്യയും പാകിസ്താനും ഒരുമിച്ച് പങ്കെടുക്കുന്നത്.

യു.എസ് നേതൃത്വത്തിലുള്ള സൈനിക സഖ്യമായ നാറ്റോക്ക് ബദലായി ചൈന മുന്‍കൈയെടുത്ത് രൂപീകരിച്ച ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ)യുടെ ആഭിമുഖ്യത്തിലാണ് സംയുക്ത സൈനിക അഭ്യാസം സംഘടിപ്പിക്കുന്നത്. റഷ്യലിലെ ഉരല്‍ കുന്നുകളിലാണ് സൈനിക അഭ്യാസം. എസ്.സി.ഒ അംഗ രാഷ്ട്രങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് സമാധാനത്തിനും ഭീകരവാദത്തിനെതിരായ പോരാട്ടത്തെ ശക്തിപ്പെടുത്തുന്നതിനും അംഗ രാഷ്ട്രങ്ങള്‍ക്കിടയില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് സംയുക്ത സൈനിക പരേഡ് സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.

യു.എന്‍ സമാധാന ദൗത്യത്തിന്റെ ഭാഗമായി ഇന്ത്യാ – പാക് സൈനികര്‍ വിവിധ രാജ്യങ്ങളില്‍ ഒരുമിച്ച് സേവനം ചെയ്യുന്നുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് ഇന്ത്യയും പാകിസ്താനും ഒരുമിച്ച് സൈനിക അഭ്യാസത്തില്‍ പങ്കെടുക്കുന്നതെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. ഇന്ത്യക്കും പാകിസ്താനും പുറമെ എസ്.സി.ഒ അംഗ രാഷ്ട്രങ്ങളായ റഷ്യ, ചൈന, കിര്‍ഗിസ്താന്‍, കസാക്കിസ്താന്‍, താജിക്കിസ്താന്‍, ഉസ്ബക്കിസ്താന്‍ എന്നീ രാജ്യങ്ങളിലെ സൈനികരും സംയുക്ത സൈനിക അഭ്യാസത്തില്‍ പങ്കെടുക്കും.

2005ല്‍ രൂപീകൃതമായ ഷാങ് ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷനില്‍ കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യക്കും പാകിസ്താനും പൂര്‍ണ അംഗത്വം ലഭിച്ചത്. റഷ്യന്‍ പിന്തുണയോടെയായിരുന്നു ഇ്ന്ത്യന്‍ അംഗത്വം. ചൈനയുടെ പിന്തുണയോടെയാണ് പാകിസ്താന്‍ അംഗത്വം നേടിയെടുത്തത്. ലോകത്തെ മൊത്തം ജനസംഖ്യയുടെ 40 ശതമാനവും ഉള്‍കൊള്ളുന്ന രാഷ്ട്രങ്ങളാണ് ഷാങ്ഹായ് കോര്‍പ്പറേഷനില്‍ വരുന്നത്. ലോകത്തെ മൊത്തോത്പാദനത്തിന്റെ 20 ശതമാനവും എസ്.സി.ഒ അംഗരാഷ്ട്രങ്ങളില്‍നിന്നാണ്. ചൈനയുമായി കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യ സംയുക്ത സൈനിക അഭ്യാസത്തിന് തീരുമാനിച്ചിരുന്നെങ്കിലും ദോക്‌ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പിന്‍വാങ്ങുകയായിരുന്നു.

chandrika: