ഇസ്ലാമാബാദ: ഇന്ത്യാ, പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ തായ്‌ലന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പാകിസ്താനി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പാക് പത്രമായ ദ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
പാക് ദേശീയ സുരക്ഷാ വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് പേരു വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയോടെ ഇക്കാര്യം വ്യക്തമാക്കിയതെന്ന് ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് സുരക്ഷാ ഉപദേഷ്ടാവ് ലഫ്റ്റനന്റ് ജനറല്‍ നാസര്‍ ഖാന്‍ ജന്‍ജുവ, ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരാണ് അതീവ രഹസ്യമായി കൂടിക്കാഴ്ച നടത്തിയത്. ഡിസംബര്‍ 27നായിരുന്നു കൂടിക്കാഴ്ച.
ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും പുരോഗമനപരമായ നിലപാടാണ് ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ കൂടിക്കാഴ്ചയില്‍ കൈക്കൊണ്ടതെന്നും പാക് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷയും ജാദവിനെ കാണാന്‍ മാതാവിനും ഭാര്യക്കും അനുമതി നല്‍കിയതും ആയിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയങ്ങളെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.