X

ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക്കിസ്താന്‍ പോരാട്ടം

പലേകാലേ: ഏഷ്യാ കപ്പില്‍ നാളെ ഇന്ത്യ-പാക്കിസ്താന്‍ പോരാട്ടം. ഇത്തവണ പോരാട്ടത്തിന് പതിവ് പോലെ വീറും വാശിയും പ്രകടം. രാഷ്ട്രീയ മാനവും വലുത്. ലോകകപ്പ് ആസന്നമായ വേളയില്‍ ആ സമ്മര്‍ദ്ദവും. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി ഏഷ്യാകപ്പ് അനുവദിച്ചത് പാക്കിസ്താനായിരുന്നു. പക്ഷേ അവിടെ കളിക്കാന്‍ ഒരുക്കമല്ല എന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ ആതിഥേയ വേദികള്‍ രണ്ടായി മാറി. പാക് നഗരങ്ങള്‍ കൂടാതെ ശ്രീലങ്കയിലും.

നാളത്തെ അങ്കം ലങ്കയിലാണ്. ഉദ്ഘാടന മല്‍സരത്തില്‍ ദുര്‍ബലരായ നേപ്പാളിനെ തകര്‍ത്ത വീര്യത്തിലാണ് പാക്കിസ്താന്‍. ഇന്ത്യക്ക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരവും. വിന്‍ഡീസ് പര്യടനത്തിന് ശേഷം ഇന്ത്യന്‍ ടീം ഒരുമിക്കുന്ന ചാമ്പ്യന്‍ഷിപ്പാണ്. ഏഷ്യാ കപ്പിന് ശേഷം ലോകകപ്പാണ് മുന്നില്‍. അതിനാല്‍ തന്നെ ടീമിലെ എല്ലാവര്‍ക്കും ഈ ചാമ്പ്യന്‍ഷിപ്പ് നിര്‍ണായകമാണ്. 17 അംഗ ടീമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന സംഘത്തിലേക്ക് അനുഭവ സമ്പന്നരെല്ലാം തിരികെ വന്നിട്ടുണ്ട്. അതിനാല്‍ തന്നെ തന്നെ നാളെ ഏറ്റവും ശക്തമായ സംഘമായിരിക്കും പാക്കിസ്താനെ എതിരിടുക. മുന്‍നിരയില്‍ രോഹിതിനെ കൂടാതെ ശുഭ്മാന്‍ ഗില്‍, വിരാത് കോലി, ശ്രേയാംസ് അയ്യര്‍, സുര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം കളിക്കുമ്പോള്‍ ബൗളിംഗാണ് ഇടക്കാലത്തിന് ശേഷം ശക്തമായി വരുന്നത്. ജസ്പ്രീത് ബുംറ പരുക്കില്‍ നിന്നും മുക്തനായി ടീമില്‍ തിരികെയെത്തിയിരിക്കുന്നു.

അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ അദ്ദേഹമായിരുന്നു ടീമിനെ നയിച്ചത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരും ടീമില്‍ തിരികെയെത്തും. ഷമിക്ക് നേരത്തെ സെലക്ടര്‍മാര്‍ വിശ്രമം നല്‍കിയതായിരുന്നു. സിറാജിന് പരുക്കും. ഈ മൂന്ന് സീമര്‍മാര്‍ക്കൊപ്പം രവീന്ദു ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരായിരിക്കും സ്പിന്നര്‍മാര്‍. പാക്കിസ്താന്‍ നിരയും ശക്തമാണ്. നായകന്‍ ബബര്‍ അസം നേപ്പാളിനെതിരായ മല്‍സരത്തില്‍ മാരത്തോണ്‍ ഇന്നിംഗ്‌സ് കളിച്ച് ഫോം തെളിയിച്ചിട്ടുണ്ട്. ഇഫ്ത്തിക്കാര്‍ അഹമ്മദ്, മുഹമ്മദ് റിസ്‌വാന്‍ തുടങ്ങിയവരെല്ലാം ഫോമിലാണ്. ബൗളിംഗില്‍ ഷഹിന്‍ ഷാ അഫ്രീദിയെ പോലുള്ളവര്‍ പരുക്കില്‍ നിന്ന് മുക്തരായി തിരികെയെത്തിയിട്ടുണ്ട്. നേപ്പാളിനെതിരെ പാക്കിസ്താന്‍ സ്വന്തമാക്കിയ 238 റണ്‍സിന്റെ വിജയം ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത് വിജയമായിരുന്നു.
2008 ലെ ഏഷ്യാ കപ്പില്‍ ഹോംഗ്‌കോംഗിനെതിരെ ഇന്ത്യ സ്വന്തമാക്കിയ 238 റണ്‍സിന്റെ വിജയം തന്നെയാണ് ഇപ്പോഴും ഏഷ്യാ കപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. പാക്കിസ്താന്‍ അവരുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നേപ്പാളിനെതിരെ സ്വന്തമാക്കിയത്.

webdesk11: