ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ചര്‍ച്ചക്കുള്ള പാകിസ്താന്റെ ക്ഷണം സ്വീകരിച്ച് ഇന്ത്യ. രണ്ടു രാജ്യങ്ങളിലെയും വിദേശമന്ത്രിമാര്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തും. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പാകിസ്താനില്‍ നിന്ന് ഷാ മഹ്മൂദ് ഖുറേഷിയും ചര്‍ച്ചയില്‍ പങ്കെടുക്കും. അടുത്തയാഴ്ച ചേരാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുമ്പായി കൂടിക്കാഴ്ച നടക്കുമെന്ന് മന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ അറിയിച്ചു.
ചര്‍ച്ചക്കുള്ള പാകിസ്താന്റെ ക്ഷണം സ്വീകരിച്ചെങ്കിലും ഇസ്‌ലാമാബാദില്‍ വെച്ച് സാര്‍ക് രാജ്യങ്ങളുടെ ഉച്ചകോടി നടത്താനുള്ള ആവസ്യം ഇന്ത്യ നിരസിച്ചു. ഇന്ത്യ-പാക് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചത്.
അയല്‍രാജ്യങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ ഇന്ത്യ എടുക്കുന്ന ഏതു കാല്‍വെയ്പ്പുകളോടും രണ്ടു ചുവടുകള്‍ കൂടുതല്‍ പ്രതികരണം പാക്കിസ്ഥാന്‍ നടത്തുമെന്ന് നേരത്തേ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടന്ന പ്രസംഗത്തില്‍ ഇമ്രാന്‍ഖാന്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം അധികാരത്തില്‍ ഏറിയതിന് പിന്നാലെ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ആദ്യം ഉണ്ടാകുന്ന നീക്കമാണ് ഇമ്രാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇപ്പോള്‍ വന്നിരിക്കുന്നത്.
2015 ഡിസംബറിന് ശേഷം പത്താന്‍കോട്ട് ആക്രമണത്തോടെ പൂര്‍ണമായും തടസ്സപ്പെട്ട ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച വീണ്ടുമാരംഭിക്കണമെന്നാണ് കത്തില്‍ പറഞ്ഞിട്ടുള്ളത്. ഭീകരതയും കാശ്മീരും ഉള്‍പ്പെടെ പ്രധാന വിഷയങ്ങളെല്ലാം ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് ഇമ്രാന്‍ പറഞ്ഞു.