ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ന് ഇന്ത്യ-പാക്കിസ്താന്‍ സൂപ്പറങ്കം. രാത്രി 8-30 ന് ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തിലാണ് അയലങ്കം. സെമി ഫൈനല്‍ നേരത്തെ തന്നെ ഉറപ്പാക്കിയ ഇന്ത്യക്ക് തോറ്റാലും പ്രശ്‌നമില്ല. പക്ഷേ തപ്പിതടയുന്ന പാക്കിസ്താന് സാധ്യത നിലനിര്‍ത്താന്‍ ജയിക്കണം. കളിച്ച നാല് മല്‍സരങ്ങളിലും ഗംഭീര പ്രകടനമാണ് ഇന്ത്യ നടത്തിയത്. ആദ്യ മല്‍സരത്തില്‍ ചൈനയെ 7-2ന് കശക്കിയ ഹര്‍മന്‍പ്രീതും സംഘവും രണ്ടാമത്തെ മല്‍സരത്തില്‍ ജപ്പാന് മുന്നില്‍ വഴങ്ങി.
എന്നാല്‍ കരുത്തരായ മലേഷ്യയെ അഞ്ച് ഗോളിന് തകര്‍ത്ത് തിരിച്ചെത്തി. കൊറിയക്കാരെയും തകര്‍ത്തു. പാക്കിസ്താന്‍ നിലവില്‍ അഞ്ച് പോയിന്റുമായി നാലാമതാണ്. കാര്യമായ അട്ടിമറികള്‍ ഇന്ന് നടക്കാത്തപക്ഷം തോറ്റാലും അവര്‍ക്ക് സെമിയില്‍ കയറാനാവും. ഇന്ത്യക്കൊപ്പം നേരത്തെ തന്നെ സെമി ഫൈനല്‍ ഉറപ്പാക്കിയ മലേഷ്യക്കാര്‍ കൊറിയയയെ നേരിടുമ്പോള്‍ ആദ്യ മല്‍സരം അയല്‍ക്കാരായ ജപ്പാനും ചൈനയും തമ്മിലാണ്.