ജനീവ: യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കശ്മീരിനെക്കുറിച്ചുള്ള പാക് വാദങ്ങള്‍ക്കെതിരില്‍ ശക്തമായി പ്രതികരിച്ച് ഇന്ത്യ. ഒരു വശത്ത് ഭീകരവാദം വളര്‍ത്തുന്ന പാകിസ്ഥാന്‍ തീര്‍ത്തും വ്യാജവും അടിസ്ഥാനരഹിതവുമായ കള്ളക്കഥകള്‍ മെനയുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. കശ്മീരില്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്നും ഇവിടെ തെരഞ്ഞെടുപ്പ് അടക്കമുള്ള പ്രക്രിയകള്‍ വീണ്ടും തുടങ്ങാനിരിക്കുകയാണെന്നും ഇന്ത്യ വ്യക്തമാക്കി.
തുടര്‍ച്ചയായി ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് വരികയാണെന്ന് വ്യക്തമാക്കിയ ഇന്ത്യ, കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം മാത്രമാണെന്ന് ഊന്നിപ്പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടരുതെന്ന് ഇന്ത്യ ശക്തമായി ആവശ്യപ്പെട്ടു.
കശ്മീരില്‍ കടുത്ത മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നുമാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടത്. കശ്മീരിലേക്ക് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അന്വേഷണക്കമ്മീഷനെ നിയോഗിക്കണമെന്നും പാകിസ്ഥാന്‍ ആവശ്യപ്പെട്ടു.
വിദേശകാര്യമന്ത്രാലയത്തിലെ കിഴക്കന്‍ ഏഷ്യയുടെ ചുമതലയുള്ള സെക്രട്ടറി വിജയ് ഠാക്കൂര്‍ സിംഗും പാകിസ്ഥാന്‍ പുറത്താക്കിയ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയും ഉള്‍പ്പടെയുള്ള ഉന്നതതല സംഘമാണ് യുഎന്‍ മനുഷ്യാവകാശകൗണ്‍സിലില്‍ പങ്കെടുത്തത്. വിജയ് ഠാക്കൂര്‍ സിംഗാണ് ഇന്ത്യക്ക് വേണ്ടി കൗണ്‍സിലില്‍ പ്രസ്താവന നടത്തിയത്.