ന്യൂഡല്‍ഹി: ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഭീകരാക്രമണങ്ങള്‍ തുടരെത്തുടരെ ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ പാകിസ്താനുമായി പരമ്പര നടപ്പില്ലെന്ന് മന്ത്രാലയം അറിയിച്ചു. ദുബൈയില്‍ മത്സരം നടത്താന്‍ അനുമതി തേടിയ ബി.സി.സി.ഐക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രാലയം കടുത്ത നിലപാട് ഉറപ്പിച്ചു പറഞ്ഞത്.
അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണങ്ങള്‍ അവസാനിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം നിര്‍ത്തിവച്ചതാണ് അയല്‍രാജ്യവുമായുള്ള ഇന്ത്യയുടെ മത്സരങ്ങള്‍. തുടര്‍ച്ചയായ ആക്രമണങ്ങളെത്തുടര്‍ന്ന് ദുബൈയിലാണ് പാകിസ്താന്റെ ഹോം മത്സരങ്ങള്‍ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് ബി.സി.സി.ഐ ദുബൈയില്‍ വെച്ച് മത്സരം നടത്താനുള്ള അനുമതി തേടിയത്.
2012-13 കാലത്താണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏകദിനം കളിച്ചത്. 2007-08 കാലത്തായിരുന്നു അവസാന ടെസ്റ്റ് മത്സരം. 2016ലെ ട്വന്റി20 ലോകകപ്പ് കളിച്ചതൊഴിച്ചാല്‍ മറ്റൊന്നും ഇക്കാലയളവില്‍ ഉണ്ടായിട്ടില്ല. ഇനി എന്നാണ് ആ സ്വപ്‌ന മത്സരം സാക്ഷാത്ക്കൃതമാവുക എന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍.