X

അവസാന നിമിഷത്തില്‍ പരാജിതരായി ഇന്ത്യ

ഇന്ത്യന്‍ ഫുട്‌ബോളിന് അവസാന മിനുട്ടില്‍ കാലിടറി. ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ ബഹറൈനോട് ഇന്ത്യ അവസാന നിമിഷ പെനാല്‍ട്ടിയില്‍ തോറ്റു. 90 മിനുട്ട് വരെ ഗോള്‍രഹിതമായി പൊരുതിയ ഇന്ത്യ അവസാന മിനുട്ടിലെ കോര്‍ണര്‍ കിക്കിലാണ് പെനാല്‍ട്ടി വഴങ്ങിയത്. ടീമിനെ നയിച്ച പ്രണോയി ഹല്‍ദാര്‍ ബോക്‌സില്‍ വരുത്തിയ പിഴവില്‍ ജമാല്‍ റഷീദാണ് നിര്‍ണായക ഗോള്‍ നേടിയത്. ഇതോടെ ബഹറൈന്‍ രണ്ടാം റൗണ്ടിലെത്തി. ഏഷ്യാകപ്പ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യക്ക് അവസരമുണ്ടായിരുന്നു. ഇരുപകുതികളിലായി ബഹറൈന്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഇന്ത്യ പിടികൊടുത്തിരുന്നില്ല. രണ്ടാം പകുതിയില്‍ ഭാഗ്യവും ഇന്ത്യയുടെ തുണക്കെത്തി.ആവേശകരമായിരുന്നു ആദ്യ പകുതി. മല്‍സരത്തിന്റെ നാലാം മിനുട്ടില്‍ തന്നെ ഇന്ത്യക്ക് പിന്‍നിരയിലെ കരുത്തനായ പോരാളി അനസ് എടത്തൊടികയെ നഷ്ടമായിരുന്നു. പരുക്ക് കാരണം അനസ് മടങ്ങിയപ്പോള്‍ പകരം വന്നത് സലാം രഞ്ജന്‍ സിംഗായിരുന്നു. ഇന്ത്യന്‍ ടീമില്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ വരുത്തിയ ഏക മാറ്റം മധ്യനിരക്കാരന്‍ അനിരുദ്ധ് ഥാപ്പക്ക് പകരം റൗളിംഗ് ബോര്‍ജസിനെ കൊണ്ടുവന്നതായിരുന്നു.
ആദ്യ പകുതിയില്‍ കാര്യമായ അവസരങ്ങള്‍ ഇന്ത്യന്‍ വഴിക്ക് വന്നില്ല. പക്ഷേ പിന്‍നിരയില്‍ സന്ദേശ് ജിങ്കാനും സംഘവും ജാഗരൂഗരായിരുന്നു. ബഹറൈന്‍ മുന്‍നിരക്കാര്‍ കുതറി വന്ന സമയത്തെല്ലാം പ്രതിരോധവും ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീതും അവസരത്തിനൊത്തുയര്‍ന്നു. സുനില്‍ ഛേത്രിയുടെ ആദ്യ മുന്നേറ്റം പതിമൂന്നാം മിനുട്ടിലായിരുന്നു. പക്ഷേ ഉദാത്തയുടെ ക്രോസ് സ്വീകരിക്കാന്‍ ഛേത്രി വൈകി. ആദ്യ പകുതിയില്‍ ഗോളുകള്‍ പിറന്നില്ല. ഇതേ സമയത്ത് അല്‍ ഐനില്‍ ഗ്രൂപ്പില്‍ യു.എ.ഇ-തായ് ലാന്‍ഡ് പോരാട്ടമുണ്ടായിരുന്നു. ഇന്ത്യക്ക് ഈ മല്‍സരഫലവും നിര്‍ണായകമായിരുന്നു. തുടക്കത്#ില്‍ യു.എ.ഇ ലീഡ് നേടിയെങ്കിലും തായ് ലാന്‍ഡ് അവസാന സമയത്ത് തിരിച്ചുവന്നു. അവിടെയും ഒന്നാം പകുതി 1-1 സമനിലയിലായിരുന്നു.രണ്ടാംപകുതിയില്‍ ജെജെ ഇന്ത്യക്കായി ഇറങ്ങി. ആക്രമണത്തിന് വേഗതയും കൈവന്നു. ജെജെയുടെ ക്രോസില്‍ ഉദാത്ത ഓടിക്കയറിയപ്പോള്‍ ബഹറൈന്‍ ഡിഫന്‍സ് പതറി. ഉദാത്തയെ ബഹറൈന്‍ ഡിഫന്‍സ് വീഴ്ത്തിയപ്പോള്‍ ഇന്ത്യക്ക് ഫ്രീകിക്ക്. പക്ഷേ ഛേത്രിയുടെ ഷോട്ട് പുറത്തേക്കായിരുന്നു. പിറകെ ഇന്ത്യ ഭാഗ്യത്തിന് രക്ഷപ്പെട്ടു. കോര്‍ണര്‍കിക്കില്‍ നിന്നും ലഭിച്ച പന്ത് മഹറൂഫ് ഹെഡ് ചെയ്‌തെങ്കിലും പോസ്റ്റില്‍ തട്ടി മടങ്ങി. അവസാനത്തില്‍ ബഹറൈന്‍ കനത്ത സമ്മര്‍ദ്ദം ചെലുത്തി. അതേ സമയം ഇന്ത്യന്‍ ഫുട്‌ബോള്‍ അടിമുടി മാറിയിരിക്കുന്നതായി ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ നയിക്കുന്ന ദത്തോ വിന്‍ഡ്‌സര്‍ ജോണ്‍. കഴിഞ്ഞ ദശാബ്ദ കാലത്തിനിടയില്‍ ഏറ്റവും വലിയ മാറ്റങ്ങള്‍ വന്ന ഫുട്‌ബോള്‍ രാജ്യമാണ് ഇന്ത്യയെന്ന് എ.എഫ്.സി സെക്രട്ടറി ജനറല്‍ പറയുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ച രണ്ട് മല്‍സരങ്ങളും അദ്ദേഹം കണ്ടിരുന്നു. തായ്‌ലാന്‍ഡിനെതിരെ തകര്‍പ്പന്‍ പ്രകടനമാണ് ടീം നടത്തിയത്. യു.എ.ഇക്കെതിരായ മല്‍സരത്തില്‍ പരാജയപ്പെട്ടുവെങ്കിലും ടീമിന്റെ ആക്രമണ വീര്യത്തിന് നൂറില്‍ നൂറ് മാര്‍ക്ക് അദ്ദേഹം നല്‍കുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്രകടനം ചിലര്‍ക്ക് അതിശയം നല്‍കുന്നുവെങ്കില്‍ ഏ.എഫ്.സിക്ക് ഇന്ത്യന്‍ മികവ് നേരത്തെ അറിയാമായിരുന്ന കാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുനില്‍ ഛേത്രിയെ പോലുള്ള വരെ ഇന്ത്യന്‍ യുവത്വം മാതൃകയാക്കണം. ലോകത്തെ മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒരാളാണ് അദ്ദേഹമെന്നും വിന്‍ഡ്‌സര്‍ പറഞ്ഞു.
ഏഷ്യാ കപ്പ് ഫുട്‌ബോളില്‍ ഇന്ന് ഗ്രൂപ്പ് ബി പ്രി ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമാവും. ആദ്യ രണ്ട് മല്‍സരങ്ങളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ജോര്‍ദ്ദന്‍ ഇതിനകം പ്രി ക്വാര്‍ട്ടര്‍ ബെര്‍ത്ത്് സ്വന്തമാക്കിയിട്ടുണ്ട്. രണ്ട് കളികളില്‍ നിന്നും മൂന്ന് പോയിന്റ് നേടിയ ഓസ്‌ട്രേലിയക്കാരാണ് രണ്ടാം സ്ഥാനത്ത്. ഓരോ പോയിന്റ് വീതം നേടിയ സിറിയ, ഫലസ്തീന്‍ എന്നിവര്‍ക്കും സാധ്യതകള്‍ ശേഷിക്കുന്നു. ജോര്‍ദ്ദാന് മുന്നില്‍ വരുന്നത് ഫലസ്തീന്‍. ഇത് വരെയുള്ള മല്‍സരങ്ങളില്‍ ഫലസ്തീന് കാര്യമായ കരുത്ത്് പ്രകടിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അവര്‍ക്ക്് സാധ്യതകള്‍ കുറവാണ്. പക്ഷേ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയക്കാരെ വെല്ലുവിളിക്കാന്‍ സിറിയക്കാവും. ഈ മല്‍സരത്തിനാണ് പ്രസക്തി. ഓസ്‌ട്രേലിയക്കാര്‍ക്ക് സമനില മതി. പക്ഷേ കഴിഞ്ഞ് രണ്ട് കളികളിലും കരുത്തരായി കളിക്കാന്‍ അവര്‍ക്കായിട്ടില്ല എന്ന സത്യമാണ് സിറിയക്ക്് പ്രതീക്ഷ.
ഞായറാഴ്ച്ച വൈകി നടന്ന മല്‍സരങ്ങളില്‍ ജപ്പാന്‍ ഒരു ഗോളിന് ഒമാനെയും ഉസ്‌ബെക്കിസ്താന്‍ നാല് ഗോളിന് തുര്‍ക്ക്‌മെനിസ്താനെയും തകര്‍ത്തിരുന്നു. ഇതോടെ ഗ്രൂപ്പ് എഫില്‍ നിന്നും പ്രീ ക്വാര്‍ട്ടര്‍ ചിത്രം വ്യക്തമായിരിക്കുന്നു.

chandrika: