X
    Categories: Views

രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ

ബംഗളൂരു: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ബാറ്റിങ് ദുഷ്‌കരമായ ചിന്നസ്വാമിയിലെ പിച്ചില്‍ ആക്രമണത്തേക്കാളും പ്രതിരോധത്തിന് ഊന്നല്‍ നല്‍കി ഒച്ചിഴയും വേഗത്തില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച കങ്കാരുക്കള്‍ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് അവശേഷിക്കെ ആദ്യ ഇന്നിംഗ്‌സില്‍ 48 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കി. സ്റ്റമ്പെടുക്കുമ്പോള്‍ ഓസീസ് ആറിന് 237 റണ്‍സ് എന്ന നിലയിലാണ്. മാത്യുവേഡ് (25*), മിച്ചല്‍ സ്റ്റാര്‍ക് (14*) എന്നിവരാണ് സ്റ്റമ്പെടുക്കുമ്പോള്‍ ക്രീസില്‍. നേരത്തെ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ 189 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. ഷോണ്‍ മാര്‍ഷിന്റേയും (66), മാറ്റ് റെന്‍ഷായുടേയും (60) അര്‍ധ സെഞ്ച്വറികളാണ് സന്ദര്‍ശകരെ കരകയറ്റിയത്. ഇന്ത്യക്കു വേണ്ടി ജഡേജ 49 റണ്‍സ് വിട്ടു നല്‍കി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. രണ്ടാം ദിനം കണിശതയാര്‍ന്ന രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പന്തെറിഞ്ഞെങ്കിലും ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ധീരമായി ചെറുക്കുകയായിരുന്നു. റെന്‍ഷാ 196 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 60 റണ്‍സെടുത്തപ്പോള്‍, മാര്‍ഷ് 197 പന്തില്‍ നാല് ബൗണ്ടറി സഹിതമാണ് 66 റണ്‍സെടുത്തത്. ജഡേജയുടെ പന്തില്‍ കൂറ്റനടിക്കു മുതിര്‍ന്ന റെന്‍ഷായെ വിക്കറ്റ് കീപ്പര്‍ സാഹ സ്റ്റമ്പ് ചെയ്തു പുറത്താക്കി. വിക്കറ്റ് നഷ്ടം കൂടാതെ 40 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ഓസീസ് അച്ചടക്കത്തോടെയാണ് തുടങ്ങിയത്. ടീം സ്‌കോര്‍ 52ല്‍ നില്‍ക്കെ 33 റണ്‍സെടുത്ത വാര്‍നറുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. അശ്വിന്റെ പന്തില്‍ വാര്‍നര്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. തുടര്‍ന്ന് എട്ട് റണ്‍സോടെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരനും നായകനുമായ സ്മിത്ത് പുറത്തായി. പിന്നീടാണ് റെന്‍ഷോയും മാര്‍ഷും കൂടി ഓസീസിനെ മുന്നോട്ട് നയിച്ചത്. മത്സരത്തിനിടെ അശ്വിന്റെ പന്തില്‍ സിംഗിളെടുക്കാനുള്ള ഓസീസിന്റെ ശ്രമം കളത്തില്‍ ചൂടന്‍ വാക് തര്‍ക്കങ്ങള്‍ക്കും വഴി വെച്ചു. സ്മിത്ത് മുന്നിലേയ്ക്ക് അടിച്ചുവിട്ട പന്ത് പിടിക്കാന്‍ ശ്രമിച്ച അശ്വിന് റെന്‍ഷോയുടെ തടസം കാരണം പിഴച്ചു. നോണ്‍ സ്‌ട്രൈക്ക് എന്‍ഡില്‍ നിന്നിരുന്ന റെന്‍ഷാ മാറിക്കൊടുക്കാതിരുന്നതാണ് കാരണം. ഉടന്‍ താരത്തെ അശ്വിന്‍ തള്ളി നീക്കിയെങ്കിലും പന്ത് കടന്നുപോയിരുന്നു. ഓസീസ് ഒരു റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. ഇതോടെ പ്രകോപിതനായ ഇന്ത്യന്‍ നായകന്‍ വിരാട് കോലി റെന്‍ഷായുടെ അടുത്തെത്തി ദേഷ്യപ്പെട്ട് പ്രതികരിച്ചു. അശ്വിനും സ്മിത്തും മറുവശത്തും വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് പ്രശ്‌നം ശാന്തമാക്കിയത്. ഹാന്‍സ് കോമ്പ് (16) മിച്ചല്‍ മാര്‍ഷ് (0) എന്നിവര്‍ എളുപ്പം പുറത്തായി. ഇന്ത്യയ്ക്കായി ഇശാന്ത് ശര്‍മ്മ, ഉമേശ് യാദവ്, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ് ഏറെ ദുഷ്‌കരമായി മാറിയ പിച്ചില്‍ ചെറിയ ലീഡ് പോലും അതി നിര്‍ണായകമാവുമെന്നതിനാല്‍ മൂന്നാം ദിനത്തില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി എളുപ്പം സ്വന്തമാക്കാനാവും ഇന്ത്യയുടെ ശ്രമം.

chandrika: