X

ഇന്ത്യ 200 വിദേശ യുദ്ധവിമാനം വാങ്ങുന്നു

ന്യൂഡല്‍ഹി: പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരുന്നൂറോളം വിദേശ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് ഇന്ത്യ ഒരുങ്ങുന്നു. അതിര്‍ത്തിയില്‍ ചൈന, പാകിസ്താന്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയത്. എന്നാല്‍ വിമാനങ്ങള്‍ തദ്ദേശീയമായി തന്നെ നിര്‍മിക്കണമെന്ന നിര്‍ബന്ധന മുന്നോട്ടുവെച്ച ശേഷം മാത്രമേ വിദേശ രാജ്യങ്ങളുമായി മുന്നോട്ടുപോകുകയുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധവിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനു പകരം ഇന്ത്യയില്‍ തന്നെ അവ നിര്‍മിക്കുന്ന തരത്തില്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രി ആരംഭിക്കണമെന്നാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇത് യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ഭീമമായ ചെലവ് നിയന്ത്രിക്കാനാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
ഇന്ത്യയില്‍ യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ആരാഞ്ഞ് കേന്ദ്ര പ്രതിരോധമന്ത്രാലയം നിരവധി വിദേശ കമ്പനികള്‍ക്ക് ഇതിനകം കത്തയച്ചിട്ടുണ്ട്. അമേരിക്കയിലെ എഫ് 16 വിമാന നിര്‍മാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍, ഇന്ത്യയില്‍ നിര്‍മാണത്തിന് താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തു വന്നു.

Web Desk: