ചെന്നൈ: ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളില്‍ അതിശക്തമായ വിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. വിശുദ്ധ നാടായ ഇന്ത്യ ബലാത്സംഗികളുടെ തലസ്ഥാനമായി മാറിയെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് എന്‍. കൃപാകരന്‍ വിമര്‍ശിച്ചു. രാജ്യത്ത് ഓരോ പതിനഞ്ച് മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നതായി ചൂണ്ടിക്കാട്ടിയ കോടതി, ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ ഭൂമിയായി മാറിയിരിക്കുന്നെന്നും വിമര്‍ശിച്ചു. തിരുപ്പൂരില്‍ അന്തര്‍സംസ്ഥാന തൊഴിലാളിയായ 22 കാരി ബലാത്സംഗം ചെയ്യപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമര്‍ശം.
നേരത്തെ ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ ബിജെപി വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഈ ആരോപണത്തെ ശരിവക്കുന്നതായി ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ഇരുപതുകാരി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം.
അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടക്കുന്ന ബലാത്സംഗ കേസുകളെ കുറിച്ചും മദ്രാസ് ഹൈക്കോടതി നിരീക്ഷണം നടത്തി. രാജ്യത്ത് സ്ത്രീകള്‍ക്ക് സുരക്ഷയില്ല. ഓരോ പതിനഞ്ച് മിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നു. ഈ സ്ഥിതി ദൗര്‍ഭാഗ്യകരമാണ്. ആധ്യാത്മിക ഭൂമിയായ ഇന്ത്യ ബലാത്സംഗങ്ങളുടെ ഭൂമിയായി മാറിയിരിക്കുന്നെന്നും ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ആസാമില്‍നിന്നുള്ള 22-കാരിയായ യുവതിയാണ് തിരൂപ്പുര്‍ ജില്ലയിലെ പല്ലടത്ത് കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കണമെന്നും കോയമ്പത്തുര്‍ ഐ.ജിയുടെ നേതൃത്വത്തില്‍ കേസന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക എ.പി സുര്യ പ്രകാശമാണ് ഹരജി നല്‍കിയത്. ജസ്റ്റിസ് എന്‍. കൃപാകരന് പുറമെ പി.വേല്‍മുരുകന്‍ എന്നിവരുള്‍പ്പെടുന്ന ബെഞ്ച്, പെണ്‍കുട്ടിക്ക് സൗജന്യ ചികില്‍സയും, ഭക്ഷണവും, താമസസ്ഥലവും ഒരുക്കി നല്‍കാന്‍ ഉത്തരവിട്ടു. കോയമ്പത്തൂര്‍ ഡി.ഐ.ജിയോട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും നിര്‍ദേശിച്ചു.