പൂനെ: ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരം വിവാദത്തില്‍. പരമ്പരയിലെ നിര്‍ണായക മത്സരത്തിനു വേണ്ടി, വാതുവെപ്പുകാരുടെ ആവശ്യത്തിനനുസരിച്ച പിച്ച് തയാറാക്കാമെന്ന് ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കര്‍ സമ്മതിച്ചതായി ഇന്ത്യാ ടുഡേ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് വിവാദമാകുന്നത്. വാതുവെപ്പുകാരായി ചമഞ്ഞ് തന്നെ സമീപിച്ച റിപ്പോര്‍ട്ടര്‍മാരോട് അനുകൂല സ്വരത്തില്‍ സല്‍ഗോങ്കര്‍ സംസാരിച്ചു എന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘വാതുവെപ്പുകാരുടെ’ ആവശ്യങ്ങളോട് ക്യൂറേറ്റര്‍ അനുകൂലമായി പ്രതികരിക്കുന്നത് ചാനലിന്റെ സ്റ്റിങ് ഓപറേഷന്‍ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് കളിക്കാര്‍ പിച്ചില്‍ ബൗണ്‍സ് വേണമെന്ന് ആവശ്യപ്പെടുന്നു എന്ന് അറിയിച്ചപ്പോള്‍ ‘എല്ലാം ശരിയാക്കാം’ എന്നാണ് സല്‍ഗോങ്കറിന്റെ മറുപടി.
340 വരെ റണ്‍സൊഴുകുന്ന പിച്ചാണ് തയ്യാറാക്കിയിട്ടുള്ളതെന്നും 337 റണ്‍സെടുത്താലും ചേസ് ചെയ്യുന്ന ടീമിന് ജയിക്കാന്‍ കഴിയുമെന്നും ക്യൂറേറ്റര്‍ പറയുന്നു. ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും നിയമങ്ങള്‍ ലംഘിച്ച് പിച്ച് പരിശോധിക്കാന്‍ ഇയാള്‍ റിപ്പോര്‍ട്ടര്‍മാരെ അനുവദിക്കുകയും ചെയ്യുന്നുണ്ട്.
സംഭവം പരിശോധിച്ച് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബി.സി.സി.ഐ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. സംഭവത്തെപ്പറ്റി വിശദമായി അറിയില്ലെന്നും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ബി.സി.സി.ഐ ആക്ടിങ് സെക്രട്ടറി അമിതാഭ് ചൗധരി പറഞ്ഞു.
പ്രശ്‌നം പരിശോധിക്കുമെന്നും കുറ്റക്കാരുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും എം.സി.എ പ്രസിഡണ്ട് അഭയ് ആപ്‌തെ പറഞ്ഞു.