ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗ കുറ്റമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, മദന്‍ ബി ലോകുര്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റേതാണ് സുപ്രധാന വിധി.
ഇതോടെ 15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ഭര്‍ത്താവ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ 375ലെ ഇളവ് അസാധുവായി. ഇത്തരം കേസുകളില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വകുപ്പ് 198(6) പ്രകാരം കേസെടുക്കാവുന്നതാണെന്നും ബഞ്ച് വ്യക്തമാക്കി. ലൈംഗിക പീഡനം നടന്നതായി ഒരു വര്‍ഷത്തിനുള്ളില്‍ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കാവുന്നതാണെന്ന് കോടതി പറഞ്ഞു.
ശിക്ഷാനിയമത്തില്‍ 18 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടിയുമായി (പെണ്‍കുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണ്. ഇത് ബലാത്സംഗമായി പരിഗണിക്കപ്പെടും. എന്നാല്‍ വകുപ്പ് 375 ലെ ഇളവ് പ്രകാരം 15നും 18നും ഇടയില്‍ പ്രായമുള്ള വിവാഹിതരെ ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സമ്മതമില്ലാതെയാണെങ്കിലും ഇത് മാനഭംഗമായി പരിഗണിക്കാനാകില്ല എന്നായിരുന്നു വ്യവസ്ഥ. ഇതാണ് ഇപ്പോള്‍ കോടതി എടുത്തു കളഞ്ഞത്. ഈ വ്യവസ്ഥ ഏകപക്ഷീയവും വിവേചനപരവും ചപലവുമാണെന്ന് ബഞ്ച് വിലയിരുത്തി.
അതേസമയം, വിവാഹബന്ധത്തിലെ ബലാത്സംഗ(മാരിറ്റല്‍ റേപ്പ്) വിഷയത്തില്‍ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
സന്നദ്ധ സംഘടനയായ ഇന്‍ഡിപെന്‍ഡന്റ് തോട്ടാണ് 15നും 18നും ഇടയില്‍ പ്രായമുള്ള വിവാഹിതകളെ ഒഴിവാക്കിയ വ്യവസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 14,15,21 അനുച്ഛേദങ്ങളുടെ ലംഘനമാണ് വ്യവസ്ഥയെന്നും ഇന്‍ഡിപെന്‍ഡന്റ് തോട്ട് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
15 വയസ്സിനു മുകളില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന ഭര്‍ത്താവിനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടാണ് കോടതിയില്‍ കേന്ദ്രം സ്വീകരിച്ചത്.