വാഷിംങ്ടണ്‍: കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്‍മാറി. കരാര്‍ അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ലോകത്തിലെ ഏറ്റവും മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കരാറെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് പിന്‍മാറ്റം അറിയിച്ചത്.
അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം കരാറുകള്‍. ഇത് അമേരിക്കക്ക് സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്. കോടിക്കണക്കിന് ഡോളര്‍ വിദേശസഹായം കൈപ്പറ്റുന്നതിന് വേണ്ടിയാണ് ഇന്ത്യ പാരീസ് ഉടമ്പടിയില്‍ ഒപ്പിട്ടത്. ചൈനക്കും ഇന്ത്യക്കും അവരുടെ കല്‍ക്കരിപ്പാടങ്ങള്‍ വികസിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ യു.എസിന്റെ കാര്യത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറച്ചുകൊണ്ടുവരിക. കാര്‍ബണ്‍ വാതകങ്ങളുടെ ബഹിര്‍ഗമനത്തോത് വ്യാവസായികവിപ്ലത്തിന് മുമ്പുള്ള കാലത്തേക്ക് തിരിച്ചുകൊണ്ടുവരിക എന്നതാണ് പാരീസ് ഉടമ്പടിയിലെ പ്രധാനവ്യവസ്ഥകള്‍. എന്നാല്‍ ട്രംപിന്റെ തീരുമാനത്തിന് വിവിധകോണുകളില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍പ്രസിഡന്റ് ബരാക് ഒബാമയും ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തി.