അഹമ്മദാബാദ്: ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസുള്‍പ്പെടെയുള്ള നിരവധി വ്യാജ ഏറ്റുമുട്ടല്‍ കേസുകളില്‍ ആരോപണ വിധേയനായ മുന്‍ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥന്‍ ഡി.ജി വന്‍സാര ബി.ജെ.പിയില്‍ ചേരുന്നു. ഒമ്പത് വര്‍ഷത്തെ ജയില്‍ ശിക്ഷക്കു ശേഷം ജാമ്യത്തിലിറങ്ങിയ വന്‍സാര പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്നോടിയായി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി അറിയിച്ചു.
അതേ സമയം താന്‍ മത്സരിക്കാന്‍ ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും താന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം മാത്രമേ ഭാവി കാര്യങ്ങള്‍ തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് വന്‍സാര സംസ്ഥാന പൊലീസിലെ ഉന്നത പദവിയിലായിരുന്നു.
ഗുജറാത്ത് എ.ടി.എസ് തലവനായിരിക്കെ പൊലീസ് കസ്റ്റഡിയിലുള്ളവരെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസില്‍ 2007ലാണ് വന്‍സാരയെ സി.ബി.ഐ അറസ്റ്റു ചെയ്തത്. ജയിലിലായിരിക്കെ 2014ലാണ് വന്‍സാര വിരമിച്ചത്. മോദിയെ ദൈവത്തെ പോലെയാണ് കാണുന്നതെന്നും താന്‍ ഷാ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് നേരത്തെ വന്‍സാര വ്യക്തമാക്കിയിരുന്നു.