ന്യൂഡല്‍ഹി: മൂന്ന് വിമാനങ്ങളിലായി 400 പേരെ അഫ്ഗാനില്‍ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ. 390 ഇന്ത്യന്‍ പൗരന്മാരും രണ്ട് നേപ്പാള്‍ പൗരന്മാരുമാണ് ഇന്ന് ഇന്ത്യയില്‍ തിരികെയെത്തിയിരിക്കുന്നത്. 50 മലയാളികളാണ് ഇന്ന് അഫ്ഗാനില്‍ നിന്ന് തിരിച്ചെത്തിയിരിക്കുന്നത്. കൂടുതല്‍ മലയാളികള്‍ അഫ്ഗാനില്‍ കുടുങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. താലിബാന്‍ അഫ്ഗാന്‍ ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്‍മാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചത്.
പൗരന്‍മാരെ തിരിച്ചെത്തിക്കുന്ന ദൗത്യം യു.എസ്, ഖത്തര്‍, താജികിസ്താന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. പൗരന്‍മാരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗി ട്വീറ്റ് ചെയ്തു.
താലിബാന്‍ അഫ്ഗാന്‍ തലസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 200 പേരെ കഴിഞ്ഞ തിങ്കളാഴ്ച വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. 150 പേരടങ്ങുന്ന മറ്റൊരു വിമാനം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലെത്തിയിരുന്നു.