മൂന്നു ലക്ഷത്തില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് പണം ഉപയോഗിച്ചാല്‍ 100% പിഴ

ന്യൂഡല്‍ഹി: മൂന്നു ലക്ഷം രൂപയില്‍ കൂടുതലുള്ള ഇടപാടുകള്‍ക്ക് പണം ഉപയോഗിച്ചാല്‍ 100 ശതമാനം പിഴ. ഏപ്രില്‍ ഒന്നു മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരികയെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്മുഖ് ആദി അറിയിച്ചു. ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. പണത്തിന്റെ ക്രയവിക്രയം കുറയ്ക്കുന്നതിനൊപ്പം കള്ളപ്പണം തടയുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നും ഹസ്മുഖ് വ്യക്തമാക്കി.

പി.ടി.ഐക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ് റവന്യൂ സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. പണം സ്വീകരിക്കുന്ന വ്യക്തിയാണ് പിഴ ഒടുക്കേണ്ടത്. മൂന്നു ലക്ഷത്തിന് മുകളില്‍ എത്ര തുകയ്ക്കാണോ ഇടപാട് നടത്തുന്നത് അത്രയും തുക പിഴയായി ഒടുക്കേണ്ടി വരും. മൂന്നു ലക്ഷത്തിന് മുകളില്‍ ഒരു കച്ചവടം നടന്നാല്‍ ഇത്രയും തുക പണമായി വാങ്ങിയാല്‍ കച്ചവടക്കാരന്‍ പിഴ അടക്കണം,

അതിനാല്‍ മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കച്ചവടക്കാര്‍ നിര്‍ബന്ധിതരാകുമെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു. പുതിയ പരിഷ്‌കരണം സര്‍ക്കാറിനെയോ ബാങ്കുകളെയോ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെയോ ബാധിക്കില്ലെന്നും റവന്യൂ സെക്രട്ടറി അറിയിച്ചു.

chandrika:
whatsapp
line