ന്യൂഡല്‍ഹി: 1993ലെ ബോംബെ സ്‌ഫോടന പരമ്പരക്കേസ് പ്രതിയും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിം, മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരന്‍ ഹാഫിസ് സഈദ് എന്നിവരെ വിട്ടുകിട്ടാന്‍ എക്‌സ്ട്രാഡിഷന്‍ (കുറ്റവാളികളെ കൈമാറല്‍) അപേക്ഷ നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ.
ഇരുവരെയും രാജ്യത്തെത്തിക്കാന്‍ ഊര്‍ജിതമായ ശ്രമം നടത്തുന്നു എന്ന കേന്ദ്രസര്‍ക്കാറിന്റെ അവകാശവാദങ്ങള്‍ക്കിടെയാണ് ഇത്തരത്തില്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്ന് വെളിപ്പെടുത്തുന്ന രേഖകള്‍ പുറത്തുവരുന്നത്. ചോദ്യത്തിനു മറുപടിയായി വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സാധാരണഗതിയില്‍ പ്രതികളെ വിട്ടു കിട്ടാന്‍ അന്വേഷണ ഏജന്‍സികളാണ് എക്‌സ്ട്രാഡിഷന്‍ അപേക്ഷ നല്‍കേണ്ടത്. ഇരുവരുടെയും കാര്യത്തില്‍ അങ്ങനെയൊരു അപേക്ഷയും തങ്ങള്‍ക്ക് വന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിക്കുകയായിരുന്നു.
260 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ബോംബെ സ്‌ഫോടനക്കേസിലെ പ്രതിയായ ദാവൂദ് ഇബ്രാഹിം പാകിസ്താനിലുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏപ്രിലില്‍ കേന്ദ്ര ആഭ്യമന്ത്രി രാജ്‌നാഥ് സിങും 2011ല്‍ യു.പി.എയിലെ ആഭ്യമന്തര മന്ത്രിയായിരുന്ന പി.ചിദംബരവും ഇക്കാര്യം ലോക്‌സഭയെ അറിയിച്ചിരുന്നു. എന്നാല്‍ പാക്‌സര്‍ക്കാര്‍ ഇന്ത്യയുടെ അവകാശ വാദം നിഷേധിച്ചിട്ടുണ്ട്. 2008 നവംബര്‍ 26ന് 166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരനും പാക് ആസ്ഥാനമായ ലഷ്‌കറെ ത്വയ്ബയുടെ സഹസ്ഥാപകനുമാണ് ഹാഫിസ് സഈദ്. ഇദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് നേരത്തെ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.
കേസില്‍ പാകിസ്താനില്‍ സഈദിനെതിരെ അന്വേഷണം നടക്കുന്നുണ്ട്. എന്നാല്‍ നയതന്ത്ര തലത്തില്‍ അത്തരമൊരു നീക്കം നടക്കുന്നില്ല എന്നാണ് ആര്‍.ടി.ഐ രേഖകള്‍ വ്യക്തമാക്കുന്നത്. ഇന്ത്യയും സാര്‍ക്ക് രാഷട്രങ്ങളും തമ്മില്‍ കുറ്റവാളികളെ കൈമാറാന്‍ കരാറുണ്ടെന്നരിക്കെയാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉദാസീന നിലപാട് സ്വീകരിക്കുന്നത്.