കാര്‍ഡിഫ്: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി എതിരാളികളെ ബാറ്റിങിനയച്ച ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് എതിരാളികളെ 264-ലൊതുക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ രണ്ടു വിക്കറ്റിന് 159 എന്ന നിലയിലായിരുന്ന ബംഗ്ലാദേശിനെ അച്ചടക്കമുള്ള ബൗളിങും ഫീല്‍ഡിങും കൊണ്ട് ഇന്ത്യ വരുതിയില്‍ നിര്‍ത്തുകയായിരുന്നു. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, കേദാര്‍ ജാദവ് എന്നിവര്‍ രണ്ടുവീതം വിക്കറ്റ് വീഴ്ത്തി.
ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇതാദ്യമായി സെമിഫൈനല്‍ കളിക്കുന്ന ബംഗ്ലാദേശിന് ആദ്യ ഓവറില്‍ തന്നെ ഓപണര്‍ സൗമ്യ സര്‍ക്കാറിനെ (0) നഷ്ടമായിരുന്നു. ഭുവനേശ്വര്‍ കുമാറിനെ പ്രഹരിക്കാനുള്ള ശ്രമത്തില്‍ സൗമ്യയുടെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റിളക്കുകയായിരുന്നു. മൂന്നാം നമ്പറിലെത്തിയ സബ്ബിര്‍ റഹ്മാന്‍ (19) പ്രതീക്ഷ നല്‍കിയെങ്കിലും ഭുവിയുടെ തന്നെ ഇരയായി. തുടക്കത്തില്‍ മെല്ലെ നീങ്ങിയ തമീം ഇഖ്ബാല്‍ (70) മൂന്നാം വിക്കറ്റില്‍ മുഷ്ഫിഖുര്‍ റഹീമി(61)നൊപ്പം ചേര്‍ന്നതോടെ ബംഗ്ലാദേശ് 300-നു മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് തോന്നിയെങ്കിലും തമീമിനെ പുറത്താക്കി കേദാര്‍ ജാദവ് മത്സരത്തില്‍ വഴിത്തിരിവുണ്ടാക്കി.
പരിചയ സമ്പന്നനായ ഷാകിബുല്‍ ഹസനെ (15) ജഡേജയും മുഷ്ഫിഖിനെ ജാദവും പുറത്താക്കിയതോടെ ബംഗ്ലാദേശ് അഞ്ചിന് 184 എന്ന നിലയിലേക്കു വീണു. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍ മഹ്്മൂദുല്ലക്ക് (21) മികവ് പുറത്തെടുക്കാന്‍ കഴിയാതിരുന്നപ്പോള്‍ അവസാന ഓവറുകളില്‍ ക്യാപ്ടന്‍ മഷ്‌റഫെ മുര്‍ത്തസ (30 നോട്ടൗട്ട്) നടത്തിയ മികച്ച പ്രകടനമാണ് ബംഗ്ലാ കടുവകളെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.