X

ഇന്ത്യ എന്റെ രാജ്യം –നജീബ് കാന്തപുരം എം.എല്‍.എ

കുഞ്ഞുന്നാളില്‍ നമ്മുടെയെല്ലാം മനസ്സില്‍ പതിഞ്ഞ ഒരു ഇന്ത്യയുണ്ട്. വരി തെറ്റാതെ അണിനിരന്ന സ്‌കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്ററുടെ സമീപം അറ്റന്‍ഷനായി നില്‍ക്കുന്ന സ്‌കൂള്‍ ലീഡര്‍ ഉറക്കെ ചൊല്ലിത്തന്ന പ്രതിജ്ഞാവാചകം. ഇന്ത്യ എന്റെ രാജ്യമാണ് ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ്, ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. ഈ പ്രതിജ്ഞ ചൊല്ലല്‍ കേരളത്തിനുപുറത്ത് മറ്റ് സംസ്ഥാനങ്ങളിലുണ്ടോ എന്നറിയില്ല. എല്ലാ മലയാളികളുടെയും മനസ്സില്‍ പതിഞ്ഞ ആ പ്രതിജ്ഞയോടൊപ്പമാണ് നമ്മുടെ മനസ്സിലും ഇന്ത്യ ആഴത്തില്‍ പതിഞ്ഞത്. ആ ഇന്ത്യയിലൂടെ നാം സഞ്ചരിച്ചു. നാട് കണ്ട് വളര്‍ന്നു. ഒരുപാട് മനുഷ്യരെ കണ്ടു. അവരില്‍നിന്ന് ഇന്ത്യയെ പഠിച്ചു. ആ രാജ്യം നമുക്ക് എത്രമാത്രം പ്രധാനമാണെന്നും ആ രാജ്യം എന്തൊരു സുന്ദരമാണന്നും അനുഭവിച്ചു. അതിന്റെ വൈവിധ്യങ്ങള്‍, ഭൂപ്രദേശങ്ങള്‍, കലകള്‍, സംസ്‌കാരങ്ങള്‍, മതവിശ്വാസങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, കാലാവസ്ഥ വ്യതിയാനങ്ങള്‍. ആ വൈവിധ്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ശക്തിപ്പെട്ടു. വളരുംതോറും ഇന്ത്യയുടെ ഭൂതകാലത്തെ അറിഞ്ഞു. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് യാത്ര ചെയ്തു. ആ യാത്രകളെല്ലാം നല്ല അനുഭവങ്ങളുടേതായിരുന്നു. മനുഷ്യരുടെ രഞ്ജിപ്പിന്റെയും സ്‌നേഹത്തിന്റെയും സമര്‍പ്പണങ്ങളുടേതുമായിരുന്നു. കറുത്ത അനുഭവങ്ങളും അതിലുണ്ടെന്നത് സത്യമാണ്. വകഞ്ഞുമാറ്റി പിന്നെയും പിന്നെയും ഇന്ത്യ അതിന്റെ സൗന്ദര്യം വര്‍ധിപ്പിച്ചു.ഇന്ത്യ എന്ന പേര് ആരാണ് ആദ്യം വിളിച്ചത്? ബി.സി നാലാം നൂറ്റാണ്ടു മുതല്‍ ഗ്രീക്ക്, റോമന്‍ സംസ്‌കാരങ്ങളുടെ കാലം മുതല്‍ ഇന്ത്യ എന്ന പേര് വിളിച്ചുതുടങ്ങിയെന്നതാണ് ചരിത്രം. എന്നാല്‍ ഇത് പ്രചാരം നേടിയത് പേര്‍ഷ്യന്‍, അറബ് കച്ചവടക്കാരുടെ വരവോടെയാണ്. പേര്‍ഷ്യന്‍ ഭാഷയില്‍ നിന്നാണ് സിന്ധു നദീതീരത്തെ സിന്ദ് എന്ന് വിളിച്ചത്. അറബികള്‍ ഇത് ഹിന്ദ് എന്നാക്കി. പിന്നീട് ഹിന്ദ് ഇന്ത്യയായി.

ഇന്ത്യ ഉപഭൂഖണ്ഡം കച്ചവടക്കാരുടെ ഇഷ്ട ദേശമായി. ലോകമാകെ ആ പ്രശസ്തി വളര്‍ന്നു. ഇന്ത്യയിലെ സുഗന്ധദ്രവ്യങ്ങള്‍ ചരിത്രത്തില്‍ മാത്രമല്ല ലോക ക്ലാസിക് രചനകളില്‍പോലും ഇടം നേടി. അയ്യായിരം വര്‍ഷങ്ങളിലേറെ ഒഴുകിത്തെളിഞ്ഞ നദിയായി ഇന്ത്യ മാറി. ഒരു മഹാനദി വടക്ക് ഹിമാലയന്‍ മലനിരകളും പടിഞ്ഞാറ് മനോഹരമായ തീരങ്ങളും ഡെക്കാന്‍ പീഠഭൂമികളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജൈവ, ഭൂമി ശാസ്ത്ര സവിശേഷതകളുമെല്ലാം നമുക്ക് മാത്രമുള്ള പ്രത്യേകത തന്നെയാണ്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ കടമെടുത്താല്‍ ശക്തവും അദൃശ്യവുമായ ചരടുകളാല്‍ കോര്‍ത്തിണക്കിയ രാഷ്ട്രമാണ് ഇന്ത്യ. ഒരു മിത്തും ആശയവും ചേര്‍ന്ന രാഷ്ട്രം. ഇന്ത്യ എന്ന പദം ഓരോ ഇന്ത്യക്കാരന്റെയും സ്വന്തമാകുന്നത് ആ ചരടുകള്‍ കൊണ്ടുതന്നെ. എന്നാല്‍ ആ ചരടുകള്‍ ഭരണകൂടംതന്നെ മുറിച്ചുമാറ്റുന്ന ദുഃഖകരമായ കാലത്തു നിന്നാണ് ഈ കുറിപ്പ് എഴുതുന്നത്.
എന്താണ് ഇന്ത്യയില്‍ സംഭവിക്കുന്നത്. ആരാണ് ഇന്ത്യയുടെ വൈവിധ്യങ്ങളെ വെറുക്കുന്നത്? അത്തരമൊരു വെറുപ്പ് പടര്‍ത്തിയാല്‍ ഇന്ത്യയെ ഒറ്റ വാര്‍പ്പിലേക്ക് ഒതുക്കാനാവുമോ? ലോകമാകെ നടന്ന ഫാസിസ്റ്റ് രീതികളിലേക്ക് ഇന്ത്യയെ കൊണ്ടുപോകാന്‍ സംഘ്പരിവാര്‍ ആഗ്രഹിക്കുന്നു. ഒരു നൂറ്റാണ്ടായി അവര്‍ ഇതിനുള്ള ജോലിയിലാണ്. അവരെ പ്രചോദിപ്പിക്കുന്നത് വംശീയ ചിന്തകളാണ്. അവര്‍ ആവേശം കൊള്ളുന്നത് ഹിറ്റ്‌ലറുടെ ജര്‍മനിയില്‍നിന്നാണ്. അവര്‍ കടം കൊള്ളുന്നത് മുസോളിനിയുടെ ഇറ്റലിയെയാണ്. ചരിത്രത്തിന്റെ കനത്ത തിരിച്ചടികളാല്‍ മുഖം കെട്ടുപോയ അത്തരം ഏകാധിപതികളുടെ പതനം പക്ഷേ ആര്‍.എസ്എ.സ് മുഖവിലക്കെടുക്കുന്നില്ല. ആധുനിക ഇന്ത്യയെന്ന ആശയത്തിന്റെ പിതാവ് മഹാത്മാഗാന്ധിയാണ്. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ആ രാഷ്ട്രപിതാവിനെ വധിച്ചാണ് ആര്‍.എസ്.എസ് വൈവിധ്യങ്ങള്‍ക്ക് നേരെ ആദ്യ യുദ്ധ പ്രഖ്യാപനം നടത്തിയത്. പിന്നീട് ഒളിഞ്ഞും തെളിഞ്ഞും പതിറ്റാണ്ടുകളുടെ സഞ്ചാരം. ഇന്ത്യക്ക് ഏറ്റ മുറിപ്പാടുകളിലെല്ലാം ആര്‍.എസ്.എസിന്റെ കഠാരയുടെ അടയാളമുണ്ട്. ആ കത്തി മുനയുടെ പാടുകള്‍ ഓരോ കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന കമ്മീഷനുകളും ഏറ്റുപറഞ്ഞു. എന്നിട്ടും ആര്‍.എസ്.എസ് പ്രസ്തുത ആശയത്തില്‍നിന്ന് പിറകോട്ട് പോയില്ല. നിരവധി കലാപങ്ങള്‍ അവര്‍ ആസൂത്രണം ചെയ്തു. ഭഗല്‍പൂര്‍ മുതല്‍ ഗുജറാത്ത് വരെ ആ നിര നീണ്ടു.
ആര്‍.എസ്.എസിസ് ഒരു സ്വപ്‌നമുണ്ട്. അവര്‍ക്ക് ഇന്ത്യ വഴങ്ങുമെന്ന വ്യാമോഹം. അന്ന് ഇന്ത്യ അവസാനിക്കും. അന്ന് നമ്മുടെ ഭരണഘടന നിലക്കും. മനുസ്മൃതി ഭരണഘടനയാകുന്ന കാലം. സ്ത്രീകള്‍, ദലിതര്‍, മുസ്‌ലിംകള്‍ തുടങ്ങി വിവിധതരം മനുഷ്യരെല്ലാം അടിമകളായിതീരുന്ന കാലം. ഈ വ്യാമോഹത്തിന് നൂറ്റാണ്ട് തികയുകയാണ്. കഴിഞ്ഞ രണ്ട് ടേമുകളിലായി നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത് ആശയപരമായി ഇന്ത്യയെ ഒരു പ്രാകൃത യുഗത്തിലേക്ക് തിരിച്ചു കൊണ്ടുപോകാനാണ്. യാഥാര്‍ത്ഥ്യങ്ങളില്‍നിന്ന് മാറിയ ഒരു ഇന്ത്യയിലേക്ക്. അവിടെ വൈവിധ്യങ്ങള്‍ക്കൊ ശാസ്ത്ര ബോധത്തിനോ ജനാധിപത്യത്തിനോ ഒരു പ്രസക്തിയും ഇല്ല. രാജ്യം ഒരിക്കലും പിറകോട്ട് നടന്നുകൂടാ. ലോകം വൈവിധ്യങ്ങളുടേതാണ്. വൈവിധ്യങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യതയുള്ള ലോകമാണിന്ന്. ഒരു ഭൂമിയെന്ന ആശയത്തിലേക്ക് ലോകം വളരുമ്പോള്‍ എല്ലാ വ്യത്യസ്തതകള്‍ക്കും വലിയ ആദരവുകള്‍ പരസ്പരം നല്‍കുമ്പോള്‍ രാജ്യം ഒരിക്കലും പിന്നോട്ട് നടന്നു കൂടാ.

ഇന്ത്യ നമ്മുടെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും ഒരുപോലെ അവകാശപ്പെട്ട രാജ്യം. ആ രാജ്യം എന്നും അങ്ങനെ തന്നെയാവണം. അങ്ങനെ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ഒരുമിച്ച് നില്‍ക്കാനുള്ള ഇടമുണ്ടാവണം. ഒരു രാഷ്ട്രം തകരുക അതിന്റെ ആഭ്യന്തര ഭിന്നതകള്‍ കൊണ്ടാണ്. ഒരു പട്ടാള ഭരണത്തിനും മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്‍ക്കും ഇരുമ്പുമറ ഒരുക്കാനാവില്ല. അത് നിലനില്‍ക്കുകയുമില്ല. നമുക്ക് നമ്മുടെ ഇന്ത്യയെ വേണം. അതിന്റെ വൈവിധ്യങ്ങളാല്‍ തല ഉയര്‍ത്തിനില്‍ക്കുന്ന ഇന്ത്യയെ. ആ വൈവിധ്യങ്ങളുടെ വര്‍ണരാജികള്‍ കണ്ടു ലോകത്തെ വിസ്മയിപ്പിക്കുന്ന ഒരു ഇന്ത്യ. അതിനുള്ള രാഷ്ട്രീയ സമീപനങ്ങള്‍ വികസിച്ചു വരേണ്ട അടിയന്തര ഘട്ടമാണിത്. എല്ലാറ്റിനും രാഷ്ട്രീയ പരിഹാരങ്ങളാണ് ആവശ്യം. ആ രാഷ്ട്രീയ പരിഹാരങ്ങള്‍ക്കായി ഇനിയുള്ള കാലം നമുക്ക് കൈകോര്‍ക്കാം.

Chandrika Web: